തിരഞ്ഞെടുപ്പു കമ്മിഷൻ നിയമന സമിതിയിൽ ചീഫ് ജസ്റ്റിസിനു പകരം കേന്ദ്രമന്ത്രി; ബിൽ രാജ്യസഭ പാസാക്കി

Mail This Article
ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ, തിരഞ്ഞെടുപ്പു കമ്മിഷണർമാർ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽനിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുന്ന വ്യവസ്ഥയുള്ള ബിൽ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് ഇതുപ്രകാരം സമിതിയിലുണ്ടാവുക.
നിയമന സമിതിയിൽ 2 പേർ കേന്ദ്ര സർക്കാരിൽനിന്നാകുമ്പോൾ, നിഷ്പക്ഷത ഇല്ലാതാകുമെന്നു പ്രതിപക്ഷം ആരോപിച്ചു. എക്കാലവും ഭരണത്തിലിരിക്കുമെന്ന ചിന്തയിലാണ് ഇത്തരം ബില്ലുകൾ ബിജെപി കൊണ്ടുവരുന്നതെന്നും അതിന്റെയെല്ലാം പ്രത്യാഘാതങ്ങൾ ഒരിക്കൽ പ്രതിപക്ഷത്തിരിക്കുമ്പോൾ അവർ അനുഭവിക്കുമെന്നും തിരുച്ചി ശിവ (ഡിഎംകെ) പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കാനാണു കേന്ദ്രത്തിന്റെ ശ്രമമെന്ന് രൺദീപ് സിങ് സുർജേവാല (കോൺഗ്രസ്) ആരോപിച്ചു.
നെഹ്റു കുടുംബവുമായി അടുപ്പമുണ്ടായിരുന്ന നവീൻ ചാവ്‌ലയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കിയ കോൺഗ്രസിന് ജനാധിപത്യ സംരക്ഷണത്തെക്കുറിച്ച് പറയാൻ എന്തവകാശമെന്നു ബിജെപി തിരിച്ചടിച്ചു.
സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണു നിയമം കൊണ്ടുവരുന്നതെന്നു ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷൻ നിഷ്പക്ഷമായിരിക്കുമെന്നും അതുറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ, തിരഞ്ഞെടുപ്പു കമ്മിഷണർമാർ എന്നിവരുടെ സേവന വ്യവസ്ഥകളും ആനുകൂല്യങ്ങളും സുപ്രീം കോടതി ജഡ്ജിമാർക്കു തുല്യമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
എംപിമാരായ ജോൺ ബ്രിട്ടാസ്, വി.ശിവദാസൻ എന്നിവരുടെ ഭേദഗതികൾ സഭ ശബ്ദവോട്ടോടെ തള്ളി. കെ.സി.വേണുഗോപാൽ, എളമരം കരീം എന്നിവർ ഭേദഗതികൾ നിർദേശിച്ചെങ്കിലും സഭയിലില്ലാത്തതിനാൽ പരിഗണിച്ചില്ല.