ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റ്; പൊട്ടിക്കരഞ്ഞ് സാക്ഷി മാലിക്കിന്റെ വിരമിക്കൽ

Mail This Article
ന്യൂഡൽഹി ∙ ‘‘സ്വന്തം ചങ്കെടുത്തു പോരാടുകയായിരുന്നു ഞങ്ങൾ. എന്നിട്ടും, ബ്രിജ് ഭൂഷണോ അയാളുടെ കൂട്ടാളിയോ റെസ്‌ലിങ് ഫെഡറേഷന്റെ പ്രസിഡന്റ് ആകുന്നുവെങ്കിൽ ഞാനിതാ ഗുസ്തി ഉപേക്ഷിക്കുന്നു. ഇന്നുമുതൽ എന്നെ നിങ്ങൾ ഗോദയിൽ കാണില്ല’’ – പൊട്ടിക്കരഞ്ഞുകൊണ്ട് ബൂട്ട് മേശയിൽ വച്ച് ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക് പ്രഖ്യാപിച്ചു.
ലൈംഗികാതിക്രമക്കേസ് പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ്കുമാർ സിങ് ദേശീയ റെസ്‌ലിങ് ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സാക്ഷിയുടെ വികാരനിർഭര പ്രഖ്യാപനം.

2010 ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ അനിത ഷെറോണിനെ ഏഴിനെതിരെ 40 വോട്ടിനു തോൽപിച്ചാണ് യുപി റെസ്‌ലിങ് അസോസിയേഷൻ വൈസ് പ്രസിഡന്റായ സഞ്ജയ്കുമാർ സിങ് ദേശീയ ഫെഡറേഷൻ പ്രസിഡന്റായത്. ഫെഡറേഷനിലെ പതിനഞ്ചിൽ 13 പദവികളും ബ്രിജ്ഭൂഷണിന്റെ അനുയായികൾ നേടി. അനിത ഷെറോൺ പാനലിൽ മത്സരിച്ച പ്രേംചന്ദ് ലോച്ചബ് സെക്രട്ടറി ജനറലായി (27–19).
തിരഞ്ഞെടുപ്പിനു പിന്നാലെ ഡൽഹി ജന്തർ മന്തർ റോഡിലെ ബ്രിജ്ഭൂഷണിന്റെ വസതിയിൽ ആഘോഷം പുരോഗമിക്കുന്നതിനിടെയാണ് ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവർ വാർത്താസമ്മേളനം നടത്തിയത്. ബ്രിജ്ഭൂഷണിനെതിരെ നടപടിയാവശ്യപ്പെട്ട് ഇവർ മൂവരുമാണ് ജന്തർ മന്തറിൽ ഒരു മാസത്തിലേറെക്കാലം സമരം നടത്തിയത്.
വനിതാ താരങ്ങൾ ഇനി സുരക്ഷിതരായിരിക്കില്ലെന്നും ഏറ്റവും ദുഃഖം നിറഞ്ഞ ദിനമാണിതെന്നും വിനേഷും സാക്ഷിയും പറഞ്ഞു. സാക്ഷിയും ബജ്‌രംഗ് പുനിയയും ഒളിംപിക് വെങ്കല മെഡൽ ജേതാക്കളാണ്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ റെസ്‌ലിങ് താരമാണ് വിനേഷ് ഫോഗട്ട്.
മന്ത്രിയുടെ ഉറപ്പും പാഴായി: ബജ്‌രംഗ് പുനിയ
ബ്രിജ് ഭൂഷണോ അദ്ദേഹത്തിന്റെ അനുയായികളോ വീണ്ടും ഫെഡറേഷൻ നേതൃപദവിയിലെത്തിയില്ലെന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നു ബജ്‌രംഗ് പുനിയ ചൂണ്ടിക്കാട്ടി. ബ്രിജ്ഭൂഷണിനെതിരെ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 താരങ്ങളാണ് ലൈംഗികാതിക്രമ പരാതി നൽകിയത്. സുപ്രീം കോടതി ഇടപെട്ട ശേഷമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതി പിന്നീടു പിൻവലിച്ചെങ്കിലും മറ്റു കേസുകളിൽ കോടതി നടപടി പുരോഗമിക്കുകയാണ്.
പൊലീസിന്റെ അന്വേഷണത്തിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചിരുന്നു. വനിതാ താരങ്ങളെ മോശമായി സ്പർശിച്ചെന്നും കടന്നുപിടിച്ചെന്നും ലൈംഗികാവശ്യത്തിനു വഴങ്ങിയാൽ സമ്മാനങ്ങൾ നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും എഫ്ഐആറിലുണ്ട്. പതിഞ്ചിലേറെ സംഭവങ്ങൾ എഫ്ഐആറിൽ വിവരിക്കുന്നുണ്ട്.