‘ജയിലിൽ കിടന്ന് മരിക്കുന്നതാണ് ഭേദം’: കോടതിയിൽ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ
Mail This Article
മുംബൈ∙ ജയിലിൽ കിടന്ന് മരിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയേക്കാൾ ഭേദമെന്ന് ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ കോടതിയിൽ പറഞ്ഞു. കനറാ ബാങ്കിനെ 538 കോടി രൂപ കബളിപ്പിച്ച കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന നരേഷ് ഗോയലിനെ (74) പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോഴാണു ദയനീയ സ്വരത്തിൽ ഇക്കാര്യം പറഞ്ഞത്.
‘ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ആരോഗ്യം വളരെ മോശമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ജയിലിൽ കഴിയുന്നതിനേക്കാൾ ഭേദം അവിടെ വച്ച് മരിക്കുന്നതാണ്’– ജാമ്യ ഹർജി പരിഗണിക്കുന്ന കോടതിയുടെ മുന്നിൽ തൊഴുകൈകളോടെ വികാരാധീനനായി ഗോയൽ പറഞ്ഞു. കാൻസർ രോഗിയായ ഭാര്യ അനിത രോഗം മൂർഛിച്ച അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജെ.ജെ. ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിനേക്കാൾ നല്ലത് ജയിലിൽ കിടന്ന് മരിക്കാൻ അനുവദിക്കുന്നതാണ്. ആശുപത്രിയിൽ ഡോക്ടറെ കാണാൻ നീണ്ട ക്യൂ ആണ്. കോടതിയിൽ വരാനുള്ള ആരോഗ്യം പോലുമില്ല. ഇത്തവണ വരാൻ തീരുമാനിച്ചത് ആരോഗ്യസ്ഥിതി കോടതിയെ ബോധ്യപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
നരേഷ് ഗോയലിന്റെ ആരോഗ്യം തീർത്തും മോശം തന്നെയാണെന്ന് പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡെ അഭിപ്രായപ്പെട്ടു. നിൽക്കാൻ പോലും പരസഹായം വേണ്ട അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകരോടു കോടതി നിർദേശിച്ചു. കേസ് വീണ്ടും 16നു പരിഗണിക്കും. കനറാ ബാങ്ക് വായ്പയായി നൽകിയ 538 കോടി രൂപ ഗോയലും കുടുംബാംഗങ്ങളും തട്ടിയെടുത്തെന്നാരോപിച്ചാണു കഴിഞ്ഞ സെപ്റ്റംബർ 1ന് ആണ് നരേഷ് ഗോയിലിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.