വിശ്വാസ വോട്ടെടുപ്പ്: ഹേമന്ത് സോറന് പങ്കെടുക്കാൻ കോടതി അനുമതി
Mail This Article
റാഞ്ചി ∙ ജാർഖണ്ഡിൽ വിശ്വാസപ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാൻ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് കോടതി അനുമതി നൽകി. പുതിയ മുഖ്യമന്ത്രി ചംപയ് സോറൻ നാളെയാണു വിശ്വാസവോട്ടു തേടുന്നത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത സോറൻ 5 ദിവസം കസ്റ്റഡിയിലാണ്. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോഴാണു നിയമസഭയിലെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നു സോറൻ വാദിച്ചത്.
ജാർഖണ്ഡിലെ 81 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണു വേണ്ടത്. നിലവിൽ 47 പേരാണു ഭരണപക്ഷത്തുള്ളത്. ജെഎംഎം– 28, കോൺഗ്രസ് –16, ആർജെഡി– 1, സിപിഐ (എംഎൽ) ലിബറേഷൻ– 1. ഇതിൽ ജെഎംഎം– കോൺഗ്രസ് പക്ഷത്തെ 40 എംഎൽഎമാരെ തെലങ്കാനയിൽ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം 43 പേരാണ് ചംപയ് സോറനൊപ്പം രാജ്ഭവനിലെത്തിയത്. ഹേമന്ത് സോറന്റെ സഹോദരഭാര്യ സീത അടക്കം 4 പേർ എത്തിയില്ല.