ADVERTISEMENT

മുംബൈ ∙ ആരുടേതെന്നറിയാത്ത ഒരജ്ഞാത ബോട്ട് മുംബൈ തീരം ലക്ഷ്യമാക്കി വരുന്നത് ചൊവ്വാഴ്ച രാവിലെയാണ് തീരദേശ പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. ഗേറ്റ്‌‌ വേ ഓഫ് ഇന്ത്യയിലെ ബോട്ടുജെട്ടിയിൽ എത്തിച്ച് 3 പേരെയും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോൾ പുറത്തുവന്നത് സിനിമകളെ വെല്ലുന്ന കഥ.

കന്യാകുമാരി സ്വദേശികളായ നിറ്റ്സോ ഡിറ്റോ (31), വിജയ് അന്തോണി (29), ജെ.അനീഷ് (29) എന്നീ മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിൽ. കുവൈത്തിൽ ജോലി ചെയ്യുകയായിരുന്ന ഇവർ, തൊഴിലുടമയുടെ പീഡനം സഹിക്കവയ്യാതെ ജനുവരി 28ന് അയാളുടെ ബോട്ട് തട്ടിയെടുത്ത് നാട്ടിലേക്കു പുറപ്പെട്ടു. സൗദി അറേബ്യ, ഖത്തർ, ദുബായ്, മസ്കത്ത്, ഒമാൻ, പാക്കിസ്ഥാൻ വഴി 10–ാം ദിവസം മുംബെയിലെത്തി. യാത്രാരേഖകളെ അനുമതികളോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാതെ, പല രാജ്യങ്ങളിലെ സേനകളെ മറികടന്നുള്ള സാഹസികയാത്ര. രാജ്യാന്തര യാത്രാ ചട്ടങ്ങൾ പാലിക്കാതെ വിദേശബോട്ടിൽ എത്തിയ 3 പേരെയും കോടതി ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

2 വർഷം മുൻപ് തിരുവനന്തപുരം വിമാനത്താവളം വഴി കുവൈത്തിലെത്തിയ ഇവർ കടുത്ത തൊഴിൽപീഡനമാണു നേരിട്ടിരുന്നതെന്നും അവിടെ പൊലീസിലും ഇന്ത്യൻ എംബസിയിലും അറിയിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെ തൊഴിലുടമയുടെ ബോട്ടുമായി രക്ഷപ്പെടുകയായിരുന്നെന്നും ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ക്യാപ്റ്റൻ മദൻ എന്ന ഏജന്റ് മുഖേന കുവൈത്തിലെത്തിയ 3 പേരും അബ്ദുല്ല ഷർഹീദ് എന്നയാൾക്കു കീഴിലാണ് ജോലി ചെയ്തിരുന്നത്. അയാൾ പാസ്പോർട്ട് പിടിച്ചുവച്ചെന്നും കൃത്യമായ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെ പീഡിപ്പിച്ചെന്നുമാണ് ആരോപണം.  

യാത്രാപാത സംബന്ധിച്ച അവകാശവാദങ്ങൾ ശരിയാണോയെന്ന് ഉറപ്പിക്കാൻ ബോട്ടിൽനിന്നു കണ്ടെത്തിയ ജിപിഎസ് ഉപകരണങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ബോംബ് സ്ക്വാഡ്, ബോട്ട് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. രാജ്യാന്തര അതിർത്തികൾ പിന്നിട്ടെത്തിയ സംഘം ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും വിവിധ ഏജൻസികൾ  അന്വേഷിക്കുന്നു.  

പഴുതടച്ച സമുദ്രസുരക്ഷയെക്കുറിച്ച് ഇന്ത്യ അവകാശവാദം ആവർത്തിക്കുന്നതിനിടെ, മത്സ്യത്തൊഴിലാളികൾ കുവൈത്തിൽനിന്നു കടൽമാർഗം മുംബൈയിലെത്തിയത് വലിയ സുരക്ഷാവീഴ്ചയാണ്. 2008 നവംബറിൽ അജ്മൽ കസബിന്റെ നേതൃത്വത്തിൽ 10 പാക്കിസ്ഥാൻ ഭീകരർ കടൽവഴി എത്തിയാണ് മുംബൈയിൽ ആക്രമണം നടത്തിയത്.

English Summary:

Kuwait to Mumbai by stolen boat; 3 Indian fishermen arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com