കൂടുതൽ കർഷകർ ഡൽഹിയിൽ എത്താൻ ആഹ്വാനം
Mail This Article
ന്യൂഡൽഹി ∙ വിവിധ സംസ്ഥാനങ്ങളിലെ കർഷകരോട് ബുധനാഴ്ച ഡൽഹിയിലെത്താൻ കർഷകസംഘടനകളുടെ ആഹ്വാനം. ട്രാക്ടറുകളിൽ എത്താൻ കഴിയാത്തവരോട് ട്രെയിൻ അടക്കമുള്ള ഗതാഗതമാർഗങ്ങൾ ഉപയോഗിച്ച് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ശംഭു, ഖനൗരി അതിർത്തികളിലെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കും.
അടുത്ത ഞായറാഴ്ച രാജ്യവ്യാപകമായി ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ ട്രെയിൻ തടയൽ സമരവും തീരുമാനിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. ട്രാക്ടറിലല്ലാതെ വരുന്ന കർഷകരെ ഡൽഹിയിലേക്ക് കയറ്റുമോയെന്ന് ബുധനാഴ്ച അറിയാമെന്ന് കർഷകനേതാക്കളിലൊരാളായ ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു.ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്നു പിൻമാറില്ല. പഞ്ചാബിലെ എല്ലാ പഞ്ചായത്തുകളും കർഷകസമരത്തെ പിന്തുണച്ചു പ്രമേയം പാസാക്കണമെന്നും എല്ലാ ഗ്രാമത്തിൽനിന്നും ട്രാക്ടറുകൾ അതിർത്തികളിൽ എത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.