വിവാഹാഘോഷം വിദേശത്തുവേണ്ട: പ്രധാനമന്ത്രി
Mail This Article
ശ്രീനഗർ ∙ വിവാഹാഘോഷത്തിനു ഇന്ത്യയിലെ സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ‘വിവാഹം ഇന്ത്യയിൽ’ (വെഡ് ഇൻ ഇന്ത്യ) പ്രചാരണത്തിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വിദേശത്തുപോയി വിവാഹങ്ങൾ നടത്തുന്ന പ്രവണത ഒഴിവാക്കണമെന്നും രാജ്യത്തെ ഏതെങ്കിലും സ്ഥലം തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ട പ്രധാനമന്ത്രി സ്വദേശി ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ‘ചലോ ഇന്ത്യ’ പദ്ധതിയും പരാമർശിച്ചു.
സ്വന്തം കുടുംബാംഗങ്ങളെ ഇന്ത്യ കാണാൻ അയയ്ക്കാൻ വിദേശ ഇന്ത്യക്കാരോട് അഭ്യർഥിച്ചു. പ്രാദേശിക സംരംഭങ്ങളെ ശക്തിപ്പെടുത്താനും കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനും വേണ്ടി 5–10% വരെ കശ്മീരിൽ ചെലവഴിക്കാൻ സഞ്ചാരികളോടും മോദി അഭ്യർഥിച്ചു. 2019 ൽ പ്രത്യേക പദവി റദ്ദാക്കിയശേഷം ഇതാദ്യമായാണു മോദി കശ്മീരിൽ ഒരു റാലിയിൽ പ്രസംഗിക്കുന്നത്. ‘വികസിത് ഭാരത്, വികസിത് കശ്മീർ’ പദ്ധതിയുടെ ഭാഗമായി 6400 കോടി രൂപയുടെ വികസനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.