വിവാഹമോചനം: 3 കോടി പോരാ; യുവതിക്ക് മാസം ഒന്നരലക്ഷം കൂടി ഭർത്താവ് നൽകണം
Mail This Article
മുംബൈ ∙ വിവാഹമോചനക്കേസിൽ 3 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച ബോംബെ ഹൈക്കോടതി യുവതിക്ക് മാസം തോറും ഒന്നരലക്ഷം രൂപ വീതം നൽകാനും ഭർത്താവിനോടു നിർദേശിച്ചു. ശാരീരികമായി ഉപദ്രവിച്ചതിനു പുറമേ മാനസികമായി പീഡിപ്പിച്ചതു കൂടി കണക്കിലെടുത്താണ് ഉയർന്ന തുക നഷ്ടപരിഹാരം അനുവദിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം അനുവദിച്ച മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ ഭർത്താവു സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
1994 മുതൽ 2017 വരെ ഭർത്താവ് നിരന്തരം ഉപദ്രവിച്ചെന്നു ഹർജിയിൽ ഭാര്യ പറഞ്ഞിരുന്നു. വിവാഹത്തിനു ശേഷം കുറച്ചുനാൾ ദമ്പതികൾ യുഎസിലായിരുന്നു. അവിടെയും മർദനം തുടർന്നു. 2005 ൽ മുംബൈയിൽ തിരിച്ചെത്തിയ ശേഷം യുവതി അമ്മയുടെ വീട്ടിലേക്കും ഭർത്താവ് യുഎസിലേക്കും മടങ്ങി. തുടർന്നാണു യുവതി കോടതിയെ സമീപിച്ചത്. രണ്ടാം വിവാഹമായതിനാൽ ഭർത്താവ് തന്നെ സെക്കൻഡ് ഹാൻഡ് എന്നു വിളിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു.