കോൺഗ്രസുമായി ചേർന്ന് മത്സരിക്കും: ഒമർ അബ്ദുല്ല
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ 5 ലോക്സഭാ സീറ്റിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല അറിയിച്ചു. കശ്മീരിലെ 3 സീറ്റിലും മത്സരിക്കുമെന്നും ജമ്മു മേഖലയിലെ 2 സീറ്റിൽ ചർച്ചയാകാമെന്നും പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം പറഞ്ഞതിന് മറുപടിയാണ് ഒമർ നൽകിയത്. ഇതോടെ ജമ്മു കശ്മീരിൽ ഇന്ത്യാസഖ്യം ഒറ്റക്കെട്ടായി മത്സരിക്കില്ലെന്ന് വ്യക്തമായി.
നാഷനൽ കോൺഫറൻസ് സ്ഥാനാർഥികൾക്കെതിരെ പിഡിപി മത്സരിച്ചേക്കില്ലെന്ന് ചൊവ്വാഴ്ച ഒമർ പറഞ്ഞിരുന്നു. പിറ്റേന്നു തന്നെ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് മെഹബൂബ പറഞ്ഞു. സഖ്യചർച്ചകൾക്ക് നാഷനൽ കോൺഫറൻസ് തയാറായില്ലെന്നും മത്സരിക്കാതെ വേറെ വഴിയില്ലെന്നും കുറ്റപ്പെടുത്തുകയും ചെയ്തു. ഒമറിന്റെ പ്രസ്താവന പിഡിപി പ്രവർത്തകരെ മുറിവേൽപ്പിച്ചെന്നും അവർ പറഞ്ഞു.
കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് അനന്ത്നാഗ്– രജൗറി മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. ഇവിടെ നാഷനൽ കോൺഫറൻസും പിഡിപിയും മത്സരിച്ചാൽ അത് ബിജെപിക്ക് ഗുണം ചെയ്യും. മണ്ഡലത്തിലെ പഹാരി സമുദായത്തിൽ ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്. ലഡാക്ക് കൂടി ഉൾപ്പെട്ടിരുന്നതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ 6 സീറ്റുണ്ടായിരുന്നു.
ഇതിൽ 3 വീതം ബിജെപിയും നാഷനൽ കോൺഫറൻസും നേടി. സംസ്ഥാന പദവി പിൻവലിച്ച ശേഷം ജമ്മു കശ്മീരിൽ 5 സീറ്റും ലഡാക്കിൽ ഒരു സീറ്റുമാണ് ഉള്ളത്.