ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദേശം; ആന്റിബയോട്ടിക് ചികിത്സ വിശദ പരിശോധനയ്ക്ക് ശേഷം മാത്രം

Mail This Article
ന്യൂഡൽഹി ∙ രോഗിയുടെ കൃത്യവും വിശദവുമായ ലബോറട്ടറി പരിശോധനയ്ക്കു ശേഷമേ ആന്റിബയോട്ടിക് ചികിത്സ നിർദേശിക്കാവുവെന്ന് ഡോക്ടർമാർക്ക് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശം നൽകി. രോഗത്തിന്റെ തീവ്രത, കഫം പരിശോധന, കൾചർ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം ആന്റിബയോട്ടിക് ചികിത്സ നിശ്ചയിക്കേണ്ടത്.
സ്ഥിരീകരിക്കും മുൻപ് രോഗകാരണം അനുമാനിച്ച് ആന്റിബയോട്ടിക് നൽകുന്നത് ഗുരുതര രോഗമുള്ളവരിൽ മാത്രമായിരിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി. ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗം തടയാൻ കമ്മിഷൻ തയാറാക്കിയ കർമ പദ്ധതിയിലാണ് ഇക്കാര്യമുള്ളത്. രോഗലക്ഷണങ്ങളുമായി എത്തുന്നവർക്കെല്ലാം ആന്റിബയോട്ടിക് നൽകുന്നതിനെതിരെയാണ് എൻഎംസിയുടെ ശുപാർശ.