കൈപിടിച്ചവർ, കരുത്തായവർ: സുന്ദരയ്യ, ഇഎംഎസ്, ബസവ പുന്നയ്യ... യച്ചൂരിയുടെ മാർഗതാരങ്ങൾ
Mail This Article
യച്ചൂരിയെ കമ്യൂണിസത്തിലേക്കു കൈപിടിച്ചത് സഖാവ് പി.സുന്ദരയ്യയായിരുന്നു. ചെറുപ്പം തൊട്ടേ അദ്ദേഹവുമായി ഹൃദയബന്ധമുണ്ടായിരുന്നു. സുന്ദരയ്യയുടെ ലളിതമായ ജീവിതവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള ദൃഢമായ കൂറും അത്ഭുതപ്പെടുത്തി.
കമ്യൂണിസ്റ്റാകാൻ അതു വലിയ പ്രചോദനമായി. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിലായിരുന്നെങ്കിലും യച്ചൂരിയുടെ കുടുംബത്തെ സുന്ദരയ്യയ്ക്ക് അടുത്തറിയാമായിരുന്നു. സുന്ദരയ്യ അവർക്കു ‘പി.എസ്’ ആയിരുന്നു. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും കമ്യൂണിസത്തോടുള്ള ഇഷ്ടം കൂട്ടി. വളർത്തിക്കൊണ്ടുവന്ന സഖാവുമായുള്ള ബന്ധം മരണം വരെ സുന്ദരയ്യ തുടർന്നു. ഡൽഹിയിലെത്തുമ്പോഴെല്ലാം യച്ചൂരിയുടെ ചെറിയ ഫ്ലാറ്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. പിതൃനിർവിശേഷമായ സ്നേഹത്തോടെ യച്ചൂരി അദ്ദേഹത്തിനൊപ്പം നിന്നു.
യച്ചൂരിയുടെ മുത്തശ്ശി ഒരിക്കൽ സുന്ദരയ്യയോടു മുഖത്തടിച്ചതുപോലെ ചോദിച്ചു: ‘നിങ്ങളെന്തിനാണ് എന്റെ കൊച്ചുമോനെ കമ്യൂണിസ്റ്റ് പാർട്ടയിലെടുത്തത്? എന്തിനാണ് അവന്റെ ജീവിതം നശിപ്പിക്കുന്നത്?’ ചെറുചിരിയോടെ സുന്ദരയ്യ പറഞ്ഞത്രേ: ‘നിങ്ങളുടെ കൊച്ചുമോനെപ്പോലെയുള്ള ഒരാളെ പാർട്ടിക്കു തരാമെങ്കിൽ അവനെ വിട്ടുതരാം’. യച്ചൂരിയുടെ മികവ് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞിരുന്നു.
1975 ജനുവരിയിലാണ് സീതാറാം യച്ചൂരിക്ക് സിപിഎം പാർട്ടി അംഗത്വം ലഭിച്ചത്. ഒന്നരവർഷത്തോളം നീണ്ട സൂക്ഷ്മനിരീക്ഷണത്തിനു ശേഷമായിരുന്നു അത്. ഇഎംഎസ് സിപിഎം ജനറൽ സെക്രട്ടറിയായിരിക്കെ ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതു ജീവിതത്തിലെ വഴിത്തിരിവായി യച്ചൂരി കരുതി. മുഴുവൻ സമയ പാർട്ടി പ്രവർത്തകനാകണോയെന്നു സന്ദേഹിക്കുന്ന കാലമായിരുന്നു അത്. അതു വേണമെന്ന് ഇഎംഎസ് നിരന്തരം പ്രേരിപ്പിച്ചു. 1984 ൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ബസവ പുന്നയ്യയും യച്ചൂരിക്കു പ്രിയപ്പെട്ട നേതാവായിരുന്നു. അക്കാലത്തെ നേതാക്കളുടെ ലളിതമായ, നിഷ്കർഷയോടെയുള്ള ജീവിതം യച്ചൂരിയും പിന്തുടർന്നു. ആഡംബരങ്ങളിൽ കണ്ണു മഞ്ഞളിക്കാതെ, പഴയ കമ്യൂണിസ്റ്റുകൾ കാണിച്ച വഴിയേ അദ്ദേഹം സഞ്ചരിച്ചു.
പകരം ചുമതല: തീരുമാനമായില്ല
ന്യൂഡൽഹി∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ പകരം ചുമതല സംബന്ധിച്ച തീരുമാനം ഇന്നലെയുണ്ടായില്ല. ഇന്നലെ ചേർന്ന അവയ്‌ലബിൾ പിബി യോഗം യച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ചു പിരിഞ്ഞു. പൊതുദർശനം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്തു. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് പകരം ചുമതല സംബന്ധിച്ച തീരുമാനം വരേണ്ടത്. പാർട്ടി കോൺഗ്രസ് അടുത്തിരിക്കെ പുതിയ ജനറൽ സെക്രട്ടറിയെ ഇപ്പോൾ തീരുമാനിക്കേണ്ടതുണ്ടോ അതോ കൺവീനറായി ഒരാളെ നിയോഗിച്ചാൽ മതിയോ തുടങ്ങിയ കാര്യങ്ങളിലാണ് ആദ്യം വ്യക്തത വേണ്ടത്. അടുത്തവർഷം ഏപ്രിലിൽ പാർട്ടി കോൺഗ്രസ് നടത്താനാണ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.