ജാർഖണ്ഡ്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദിവാസിക്ഷേമവും വികസനവും ബിജെപി പ്രചാരണ ആയുധമാക്കും

Mail This Article
ന്യൂഡൽഹി ∙ ജനസംഖ്യയിൽ 28% പട്ടികവർഗക്കാരുള്ള ജാർഖണ്ഡിൽ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും ബിജെപിയുടെ പ്രചാരണമെന്ന് സൂചന.
ഈമാസം 2ന് ഹസാരിബാഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തുടങ്ങിയതു തന്നെ ‘ജയ് ജോഹർ’ എന്ന അഭിവാദ്യത്തോടെയാണ്. സാന്താൾ ഉൾപ്പെടെയുള്ള ആദിവാസി വിഭാഗങ്ങളുടെ അഭിവാദ്യമാണ്, ജയ് ജോഹർ.
19–ാം നൂറ്റാണ്ടിൽ ആദിവാസികളുടെ സ്വാതന്ത്ര്യത്തിനും ഉന്നമനത്തിനും വേണ്ടി പോരാടിയ ബിർസ മുണ്ടയെ പ്രകീർത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും കഴിഞ്ഞദിവസം ബിർസ മുണ്ടയെ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.
രാജ്യത്തിന്റെ പലഭാഗങ്ങളിലും ആദിവാസി വിഭാഗങ്ങളെ കോൺഗ്രസ് ഇല്ലാതാക്കിയെന്ന് ആരോപിച്ച നരേന്ദ്ര മോദി ‘ഭക്ഷണം, മകൾ, ഭൂമി’ എന്ന മുദ്രാവാക്യവും അവതരിപ്പിച്ചു. മുൻ മുഖ്യമന്ത്രി ചംപയ് സോറൻ തങ്ങളുടെ പാളയത്തിലെത്തിയതും ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ജാർഖണ്ഡിലെ 81 ൽ 28 സീറ്റുകൾ ആദിവാസി സംവരണമാണ്. 2019 ൽ ഇതിൽ 2 എണ്ണം മാത്രമാണു ബിജെപിക്കു നേടാനായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റുകളിൽ 9 സീറ്റുകളും ജയിച്ചെങ്കിലും 5 പട്ടിക വർഗ സീറ്റുകളിൽ ഒന്നു പോലും ജയിച്ചില്ല.
മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ തർക്കങ്ങളോ പ്രശ്നങ്ങളോ ഇല്ലെന്നതു ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നു. വികസനമാണു സംസ്ഥാനത്തെ പ്രധാന പ്രചാരണവിഷയം. സീറ്റ് വിഭജനത്തിൽ ഘടകകക്ഷികളുമായി ഇതിനകം ധാരണയിലെത്തിയതും പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ആർഎസ്എസിന്റെ സഹായത്തോടെയുള്ള പ്രചാരണവും സ്ഥാനാർഥി നിർണയവുമടക്കം ഹരിയാനയിലെ തന്ത്രങ്ങൾ ജാർഖണ്ഡിലും മഹാരാഷ്ട്രയിലും ബിജെപി പ്രയോഗിക്കും.
യുപിയിലെ 9 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ബിജെപിക്ക് വളരെ നിർണായകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി ബിജെപിയിലുള്ള വിമത നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പിലെ വിജയം പ്രധാനമാണ്.