ADVERTISEMENT

ന്യൂഡൽഹി ∙ പൗരർക്കു ഡിജിറ്റലായി സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ വഴിയൊരുക്കുന്ന ആദ്യ സെൻസസാണ് വരാൻ പോകുന്നത്. സർക്കാർ കണക്കെടുപ്പിനായി പ്രത്യേക പോർട്ടലുമുണ്ടാകും. ആധാർ, മൊബൈൽ ഫോൺ വിവരങ്ങൾ നിർബന്ധമാക്കും.

ഒരു വീട്ടിൽ ഒന്നിലേറെ കുടുംബങ്ങളുണ്ടോ, പട്ടികവിഭാഗത്തിൽ (എസ്‌സി/എസ്ടി) ഉൾപ്പെടുമോ എന്നതുൾപ്പെടെ 31 ചോദ്യങ്ങളുടെ പട്ടികയാണ് റജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ തയാറാക്കിയിരിക്കുന്നത്.

കുടുംബാംഗങ്ങളുടെ എണ്ണം, വീടിന്റെ തറയുടെയും മേൽക്കൂരയുടെയും സ്വഭാവം, ശുചിമുറി സൗകര്യം, വാഹനം, ഇന്റർനെറ്റ് കണക്‌ഷൻ തുടങ്ങി വീട്ടിലുപയോഗിക്കുന്ന ധാന്യം വരെയുള്ള വിവരങ്ങൾ ശേഖരിക്കും. ഏകദേശം 12,000 കോടി രൂപയാണു പ്രതീക്ഷിത ചെലവെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

2011 ലെ കണക്കുപ്രകാരം 121 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. എന്നാൽ, അനൗദ്യോഗിക കണക്കുകൾപ്രകാരം ജനസംഖ്യ ഇപ്പോൾ 145 കോടിയായിക്കഴിഞ്ഞു. 141 ജനങ്ങളുള്ള ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക കണക്കില്ലാത്തത് സർക്കാരിന്റെ നയരൂപീകരണത്തെയും പദ്ധതികളെയും ബാധിക്കുന്നു.

2011 ലെ കണക്കുപ്രകാരമാണ് സർക്കാർ ഏജൻസികൾ നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നത്.  2020 ഏപ്രിലിലാണ് കഴിഞ്ഞ സെൻസസ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്. ഹൗസ് ലിസ്റ്റിങ് ഘട്ടം, എൻപിആർ പുതുക്കൽ തുടങ്ങിയവ 2020 ഏപ്രിൽ–സെപ്റ്റംബറിൽ തീർക്കാൻ പദ്ധതിയിട്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റി.

ഇനി പുതിയ സമയചക്രം

സെൻസസ് നടപടി അടുത്തവർഷം ആരംഭിച്ചാൽ, ഇക്കാര്യത്തിൽ 1881 മുതൽ പിന്തുടരുന്ന സമയചക്രം മാറും. 1881 മുതൽ 2011 വരെ 10 വർഷം കൂടുന്തോറുമാണ് സെൻസസ് പ്രസിദ്ധീകരിച്ചിരുന്നത്.

English Summary:

Aadhaar and mobile phone details are mandatory for the upcoming digital census

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com