പാർട്ടി സെക്രട്ടറിമാർ ഇടപെട്ടു; എസ്എഫ്ഐ– എഐഎസ്എഫ് തർക്കം തീർക്കാൻ നിർദേശം

Mail This Article
തിരുവനന്തപുരം ∙ കലാലയങ്ങളിലെ എസ്എഫ്ഐ–എഐഎസ്എഫ് തർക്കം തീർക്കാൻ ഇരു സംഘടനാ നേതൃത്വങ്ങൾക്കും സിപിഎം–സിപിഐ സംസ്ഥാന സെക്രട്ടറിമാർ നിർദേശം നൽകി. ഇരുപാർട്ടികളും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയുടെ തുടർച്ചയായി എസ്എഫ്ഐ, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറിമാരെ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും വിളിപ്പിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിന്റെ പശ്ചാത്തലത്തിൽ കലാലയങ്ങളിലെ ഏകസംഘടനാ വാദത്തിനെതിരെ എഐഎസ്എഫ് തുറന്നടിച്ചിരുന്നു.
എഐഎസ്എഫിനു പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നു കോടിയേരി തന്നെ യോഗത്തിൽ നിർദേശിച്ചു. പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കണം. ദേശീയതലത്തിൽ ഇടതുപക്ഷ യോജിപ്പു ശക്തമാക്കാനുളള തീരുമാനം വിദ്യാർഥി സംഘടനകളുടെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കണമെന്നു കാനവും ആവശ്യപ്പെട്ടു. ഏതെങ്കിലും കോളജിൽ പ്രശ്നമുണ്ടെങ്കിൽ ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ധാരണയായി.
ലാത്തിച്ചാർജ്: തീരുമാനം വൈകില്ല
സിപിഐ നേതാക്കൾക്കെതിരെ കൊച്ചിയിലുണ്ടായ ലാത്തിച്ചാർജ് സംബന്ധിച്ച കലക്ടറുടെ അന്വേഷണ റിപ്പോർട്ടിന്മേൽ തീരുമാനം വൈകില്ല. റിപ്പോർട്ട് പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി സിപിഐ നേതൃത്വത്തെ അറിയിച്ചു.