അർജുനൻ മാഷിനു മുൻപിൽ ഓർമകളുടെ മാധുരി

Mail This Article
തോപ്പുംപടി (കൊച്ചി)∙ ‘‘അർജുനൻ മാഷിനെ കാണാൻ കഴിഞ്ഞതിൽ ദൈവത്തോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്റെ ഗുരുവാണു മാഷ്. മാഷിനെ കാണാതെ മടങ്ങില്ലെന്നു തീരുമാനിച്ചാണു കാനഡയിൽ നിന്നു കോഴിക്കോട്ട് എത്തിയത്. ഏതായാലും അതിനു കഴിഞ്ഞു...’’ സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററുടെ പള്ളുരുത്തിയിലെ വീട്ടിലെത്തിയ പി. മാധുരി അദ്ദേഹത്തിന്റെ മുന്നിൽ കൈകൾ കൂപ്പി. 3 വർഷം മുൻപ് നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്നെ കാണാൻ മാധുരി എത്തിയിരുന്ന കാര്യം മാസ്റ്റർ ഓർത്തു.
‘‘കാനഡയിൽ മകന്റെ ഒപ്പമായിരുന്ന താൻ കഴിഞ്ഞ ആഴ്ചയാണു വന്നത്. കോഴിക്കോട് ദേവരാഗ സന്ധ്യയിൽ പങ്കെടുക്കാനാണ് ഇത്തവണ വന്നത്. പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ സങ്കടമായേനെ. ഡൽഹിയിൽ നിന്നാണു ഞാൻ മലയാളം പഠിച്ചത്. എന്നെ മലയാളം പഠിപ്പിച്ചെടുക്കാൻ മാഷ് ഒരുപാടു പ്രയാസപ്പെട്ടിട്ടുണ്ട്. തമിഴ് സിനിമയിലാണ് ആദ്യം പാടിയത്. ഞാൻ കുറെ അധ്വാനിച്ചു. ഭർത്താവിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു. മാസ്റ്ററെക്കുറിച്ച് ഓർക്കുമ്പോൾ വലിയ അഭിമാനമുണ്ട്...’’ മാധുരിയുടെ വാക്കുകൾ.
മാഷിന്റെ 20–25 പാട്ടുകൾ താൻ പാടിയിട്ടുണ്ടെന്ന് പറഞ്ഞ മാധുരി ചില ഗാനങ്ങൾ മൂളി. സിന്ദൂരകിരണങ്ങൾ നിന്നെ തഴുകി, ഇന്ദുപുഷ്പമായ് വിടർന്നു, നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടു പോയി, ഒരു സ്വപ്നത്തിൽ ഒരു രാജാവിൻ മണിയറ ഞാൻ കണ്ടു... 78 വയസ്സായെങ്കിലും മാധുരിയുടെ പാട്ടിനു പഴയ മാധുര്യം.