പ്രതിരോധ മതിലായി ‘ദേശ് ഹമാരാ’ റാലി

Mail This Article
കോഴിക്കോട്∙ പൗരത്വ നിയമത്തിനെതിരെ കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ അണിനിരന്ന ‘ദേശ് ഹമാരാ’ പ്രതിഷേധ റാലിയുമായി മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് സമാപനം. വല്ലഭ്ഭായ് പട്ടേൽ അടക്കമുള്ളവർ മുന്നോട്ടുവച്ച അഖണ്ഡഭാരതം എന്ന ആശയത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുകയാണ് പൗരത്വ നിയമത്തിലൂടെ ബിജെപി ചെയ്തതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിം ജനതയ്ക്ക് സുരക്ഷിതത്വം നൽകുമെന്നാണ് മോദി പറയുന്നത്. എന്നാൽ ഈ സുരക്ഷിതത്വം മോദി നൽകുന്ന ഔദാര്യമല്ല, ഭരണഘടന നൽകുന്ന സുരക്ഷിതത്വമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷനായിരുന്നു. കഠ്‌വ കേസിൽ പെൺകുട്ടിക്കുവേണ്ടി സുപ്രീംകോടതിയിൽ വാദിച്ച അഭിഭാഷക ദീപിക സിങ്ങ് രജാവത് ഉറുദു പത്രം നയീ ദുനിയ ചീഫ് എഡിറ്ററും സമാജ്‌വാദി പാർട്ടി നേതാവുമായ ഷാഹിദ് സിദ്ദിഖി, പി.വി. അബ്ദുൽ വഹാബ് എംപി, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി എം.പി.നവാസ്, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നലെ നടന്ന സംവാദങ്ങൾ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസംഗിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഡോ.രാജേന്ദ്ര സിങ്, ഐഡി ഫ്രഷ് സിഇഒ പി.സി. മുസ്തഫ തുടങ്ങിയവർ സംവാദങ്ങൾക്കു നേതൃത്വം നൽകി. പുതിയ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒരാഴ്ചയ്ക്കകം നടക്കും.
മോദി–അമിത്ഷാ സർക്കാർ ഇന്ത്യൻ ഈസ്റ്റ് ഇന്ത്യ കമ്പനി
കോഴിക്കോട് ∙ വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രം പയറ്റുന്ന ഇന്ത്യൻ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് മോദി–അമിത്ഷാ സർക്കാരെന്ന് സുപ്രീംകോടതി അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ദീപിക സിങ് രജാവത്. ഏറെ കൊട്ടിഘോഷിച്ച വികസനം എന്ന വാദം പരാജയപ്പെട്ടതോടെ അതിനെക്കുറിച്ചു പറയാനുള്ള ശേഷി കേന്ദ്രസർക്കാരിനു നഷ്ടപ്പെട്ടു. തുടർന്നാണ് പൗരത്വ നിയമവുമായി എത്തിയിരിക്കുന്നത്. എല്ലാ ജനവിഭാഗങ്ങളെയും പരിഗണിച്ചാണ് ഭരണഘടനയ്ക്ക് രൂപംനൽകിയത്. മോദിയുടെയും അമിത് ഷായുടെയും ആഗ്രഹം രാജ്യത്തെ പുതുതലമുറ എതിർത്ത് തോൽപ്പിക്കുമെന്നും ദീപിക സിങ് പറഞ്ഞു.