കെഎസ്ആർടിസിയോട് ഹൈക്കോടതി; ശമ്പള പരിഷ്കരണ തീരുമാനം ആറാഴ്ചയ്ക്കകം വേണം

Mail This Article
പാലക്കാട്∙ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനെക്കുറിച്ച് 6 ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു. 8 വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫോറം ഫോർ ജസ്റ്റിസ്’ എന്ന കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ കൂട്ടായ്മ നൽകിയ ഹർജിയെ തുടർന്നാണു കോടതി നിർദേശം.
ഹർജിക്കാരുടെ നിവേദനം പരിഗണിച്ചുവേണം തീരുമാനമെടുക്കേണ്ടതെന്നും കോടതി നിർദേശിച്ചു. ശമ്പളം, ഡിഎ എന്നിവ മുൻകാല പ്രാബല്യത്തോടെ പരിഷ്കരിക്കണമെന്നതായിരുന്നു നിവേദനത്തിലെ ആവശ്യം. നിയമപരമായി 5 വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടത്തേണ്ടതാണ്. 2017ൽ നടപ്പാക്കിയ ഡ്യൂട്ടി പരിഷ്കരണങ്ങളെത്തുടർന്ന് ജോലി സമയം 12 മണിക്കൂറിൽ അധികം വർധിച്ചപ്പോൾ ഇതിൽ തൊഴിലാളി സംഘടനകൾ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് ‘ഫോറം ഫോർ ജസ്റ്റിസ്’ എന്ന കൂട്ടായ്മ രൂപീകരിച്ചത്.
ദിവസവേതന നിയമനം പരിഗണിക്കാം: കെഎസ്ആർടിസി
കൊച്ചി∙ സാമ്പത്തിക ഞെരുക്കം മൂലം പുതിയ ഡ്രൈവർ നിയമനം സാധിക്കില്ലെങ്കിലും കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റിലുള്ളവരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാൻ എതിർപ്പില്ലെന്നു കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കാൻ പിഎസ്‌സിയോടു റാങ്ക് ലിസ്റ്റിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
എംപാനൽ സംവിധാനം നിർത്തലാക്കിയ നിലയ്ക്ക് ആ രീതിയിൽ നിയമനം സാധിക്കില്ലെന്നും അറിയിച്ചു. ഉദ്യോഗാർഥിയായ എൻ. ബി. ഷനിൽ സമർപ്പിച്ച ഹർജിയിലാണു വിശദീകരണം. കെഎസ്ആർടിസിയുടെ പ്രതിമാസ കമ്മി 100–110 കോടി രൂപയാണ്. ശമ്പള, പെൻഷൻ വിതരണം പോലും പ്രതിസന്ധിയിലാണെന്നും കെഎസ്ആർടിസി അറിയിച്ചു.
എത്ര ഡ്രൈവർമാരുണ്ട്? എത്ര ഒഴിവുണ്ട്?
കൊച്ചി∙ കെഎസ്ആർടിസിയിൽ ഡ്രൈവർമാരുടെ എത്ര തസ്തികയുണ്ടെന്നും നിലവിൽ എത്ര ഒഴിവുണ്ടെന്നും അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ദിവസവേതന അടിസ്ഥാനത്തിൽ എത്ര പേരെ നിയോഗിക്കുന്നുണ്ടെന്നും അറിയിക്കണം. പിഎസ്‌സി റിസർവ് ഡ്രൈവർ റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികൾ സമർപ്പിച്ച ഹർജിയിലാണു നിർദേശം.
10450 ഡ്രൈവർമാർ നിലവിലുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മൂലമാണു പുതിയ സ്ഥിരനിയമനം നടത്താത്തതെന്നും കെഎസ്ആർടിസി അറിയിച്ചു. എന്നാൽ പ്രതിസന്ധി കഴിയുംവരെ പിഎസ്‌സി ശുപാർശ വഴി താൽക്കാലികമായി തങ്ങളെ നിയോഗിക്കണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടു. കേസ് 27 ലേക്കു മാറ്റി. ഇതിനിടെ, ലിസ്റ്റിൽ ഉൾപ്പെട്ട തങ്ങളെ നിയോഗിക്കാതെ പിരിച്ചുവിട്ട എം പാനൽകാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയോഗിക്കുകയാണ് എന്ന് ആരോപിച്ച് നിതീഷ്കുമാർ ഉൾപ്പെടെ ഹർജി നൽകി.