‘അന്വേഷണം പൂർത്തിയായാലേ നിഗമനങ്ങളിൽ എത്താനാകൂ’- ശിവശങ്കറെ തള്ളാതെ മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം ∙ വഞ്ചകനെന്നു മന്ത്രിമാർ ഉൾപ്പെടെ വിശേഷിപ്പിച്ചിട്ടും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പല കേസുകളിലും അന്വേഷണം നേരിടുന്ന ശിവശങ്കർ താങ്കളെ വഞ്ചിക്കുകയായിരുന്നോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെ: ‘അന്വേഷണങ്ങളെല്ലാം പൂർത്തിയാകട്ടെ. വിവരങ്ങൾ പുറത്തുവരട്ടെ. അതിന്റെ അടിസ്ഥാനത്തിലാണു നിഗമനങ്ങളിൽ എത്താനാവുക’.
കസ്റ്റംസ് കൂട്ടിക്കൊണ്ടു പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം സ്വകാര്യ ആശുപത്രിയിലായ ശിവശങ്കറെ മെഡിക്കൽ കോളജിലേക്കു മാറ്റി അറസ്റ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ആളെ കസ്റ്റഡിയിൽ എടുക്കാനും അറസ്റ്റ് ചെയ്യാനും കേന്ദ്ര ഏജൻസികൾക്കു പൂർണ അധികാരമുണ്ട്. അതു സർക്കാരിനു തടയാനാവില്ല. ഏതു പ്രധാനി ആണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്നാണ് ആദ്യം മുതലുള്ള നിലപാട്.
സ്വന്തം പദവിക്കു ചേരാത്ത ബന്ധങ്ങൾ ഉണ്ടെന്നു കണ്ടപ്പോഴാണു ശിവശങ്കറെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയത്. ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു. ഇപ്പോൾ ഈ വ്യക്തിക്കു മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമില്ല. കേന്ദ്ര ഏജൻസികൾക്ക് നടപടി സ്വീകരിക്കാൻ ഒരു തടസ്സവുമില്ല. എന്നാൽ സ്വർണക്കടത്ത് അന്വേഷണവും ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണം മുഖ്യമന്ത്രി വീണ്ടും തള്ളി.