ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തദ്ദേശ തിരഞ്ഞെടുപ്പു വോട്ടെടുപ്പിന്റെ തലേന്ന് ഉച്ചകഴിഞ്ഞ് 3 വരെ തപാൽ വോട്ടിന് അപേക്ഷിക്കാൻ അവസരം നൽകണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. 

ഇത്തരക്കാർക്കു 2 ദിവസം മുൻപു വരെ തപാൽ വോട്ടിന് അവസരം നൽകാമെന്ന തരത്തിൽ സർക്കാർ തയാറാക്കിയ ഓർഡിനൻസിന്റെ കരട് അയച്ചുകൊടുത്തപ്പോഴാണു കമ്മിഷൻ മാറ്റം ആവശ്യപ്പെട്ടത്. ഇതോടെ പോളിങ് ബൂത്തിലെത്തുന്ന കോവിഡ്  പോസിറ്റീവുകാർ കാര്യമായി കുറയുമെന്നും മറ്റു വോട്ടർമാർക്കു പരിഭ്രാന്തിയില്ലാതെ വോട്ടു ചെയ്യാൻ സാഹചര്യമുണ്ടാകുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. 

ഈ സമയം കഴിഞ്ഞും കോവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആകുന്നവർ  ബൂത്തിൽ എത്തി അവസാന മണിക്കൂറിൽ വോട്ടു ചെയ്യാമെന്ന സർക്കാർ നിർദേശം കമ്മിഷൻ അംഗീകരിച്ചു. ആശുപത്രികളിലും  ക്വാറന്റീൻ കേന്ദ്രങ്ങളിലും കഴിയുന്നവർക്ക് ഇതിനുള്ള സൗകര്യം  കലക്ടറുടെ സഹായത്തോടെ ആരോഗ്യവകുപ്പ് ഒരുക്കും. കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർ നേരിട്ട്  ബൂത്തിൽ എത്തി എല്ലാവർക്കും ശേഷം വോട്ടു ചെയ്യണം. ഇങ്ങനെയുള്ളവർക്ക് ആരോഗ്യവകുപ്പ് മുൻകൂട്ടി സർട്ടിഫിക്കറ്റ് നൽകും. ഇവർ വോട്ടു ചെയ്യുന്ന സമയത്ത് പോളിങ് ഉദ്യോഗസ്ഥർ പിപിഇ കിറ്റ് ഉൾപ്പെടെ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. 

അതേസമയം, കോവിഡ് ബാധിതരുടെയും ക്വാറന്റീനിൽ കഴിയുന്നവരുടെയും വീടുകളിൽ എത്തി പോളിങ് ഉദ്യോഗസ്ഥർ തപാൽ ബാലറ്റ് നൽകി വോട്ട് വാങ്ങി മടങ്ങാമെന്ന സർക്കാർ നിർദേശം കമ്മിഷൻ ഭാഗികമായി അംഗീകരിച്ചു. എന്നാൽ, ഇതു നിർബന്ധപൂർവം പാടില്ലെന്നും വോട്ടറുടെ അപേക്ഷ വാങ്ങിയ ശേഷം വോട്ട് രേഖപ്പെടുത്താമെന്നും കമ്മിഷൻ നിർദേശിച്ചു. പോൾ ചെയ്ത തപാൽ ബാലറ്റ് ഉദ്യോഗസ്ഥരെ ഏൽപിക്കാനോ ബന്ധുവിന്റെയോ ദൂതന്റെയോ കൈവശമോ തപാൽമാർഗമോ വരണാധികാരിക്കു കൈമാറാനോ വോട്ടർക്കു സ്വാതന്ത്ര്യമുണ്ടാകണമെന്നും കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. 

കോവിഡ് പോസിറ്റീവും ക്വാറന്റീനിലുമായ വോട്ടർമാരുടെ ആദ്യ പട്ടിക 10 ദിവസം മുൻപ് ആരോഗ്യവകുപ്പ് തയാറാക്കും. തുടർന്നുള്ള ദിവസങ്ങളിൽ പട്ടിക പുതുക്കും. പട്ടിക  കലക്ടർമാർക്കു കൈമാറും. അവർ അത് വരണാധികാരിക്കു നൽകും. ഇത്തരം ആളുകൾ ചികിത്സയിലോ ക്വാറന്റീനിലോ കഴിയുന്ന സ്ഥലത്ത് പോളിങ് ഉദ്യോഗസ്ഥർ പൊലീസ് സുരക്ഷയിൽ എത്തി തപാൽ ബാലറ്റ് കൈമാറി വോട്ട് രഹസ്യസ്വഭാവത്തിൽ‌ രേഖപ്പെടുത്തി വാങ്ങി മടങ്ങും.

സ്ഥാനാർഥിയെ നിർദേശിക്കുന്നത് അതേ വാർഡിലെ വോട്ടറാകണം

തദ്ദേശ തിരഞ്ഞെടുപ്പിനു സ്ഥാനാർഥികളുടെ നാമനിർദേശപത്രിക നിരസിക്കും മുൻപ് കേരള പഞ്ചായത്ത് രാജ് / മുനിസിപ്പാലിറ്റി നിയമങ്ങൾ വ്യക്തമായി പരിശോധിച്ചു മതിയായ കാരണങ്ങൾ ഉറപ്പാക്കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ.

സ്ഥാനാർഥി താൻ മത്സരിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ ആയാൽ മതി. എന്നാൽ നാമനിർദേശം ചെയ്യുന്നയാൾ സ്ഥാനാർഥി മത്സരിക്കുന്ന വാർഡിലെ വോട്ടറാകണം. സ്ഥാനാർഥി വേറെ ഏതെങ്കിലും വാർഡിലെ വോട്ടർ ആണെങ്കിൽ വോട്ടർപട്ടികയോ പ്രസക്ത ഭാഗമോ സാക്ഷ്യപ്പെടുത്തിയ പകർപ്പോ പത്രികയ്ക്ക് ഒപ്പമോ അല്ലെങ്കിൽ സൂക്ഷ്മപരിശോധനാ സമയത്തോ ഹാജരാക്കണം.

English Summary: Local body election, Postal votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com