കൈവിട്ട് കോവിഡ്; കടുപ്പിച്ച് സർക്കാർ, ബോധവൽക്കരണത്തിനൊപ്പം പിഴയും
Mail This Article
തിരുവനന്തപുരം ∙ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസും മറ്റു വകുപ്പുകളും രംഗത്തിറങ്ങി. വിട്ടുവീഴ്ചയില്ലാതെ പരിശോധന നടത്തണമെന്നാണു പൊലീസിനു നൽകിയിരിക്കുന്ന നിർദേശം. മാസ്ക് കൃത്യമായി ധരിക്കുന്നുവെന്നും അകലം പാലിക്കുന്നുവെന്നും ഉറപ്പാക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
ബോധവൽക്കരണത്തിനൊപ്പം പിഴയും ഈടാക്കും. കടകളിലും മറ്റും അകലം പാലിക്കുന്നുണ്ടെന്നും തിരക്കു നിയന്ത്രിക്കാൻ ക്രമീകരണമുണ്ടെന്നും പൊലീസ് ഉറപ്പു വരുത്തും. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും മാസ്ക് ധരിക്കണം. ടാക്സിയിലും മറ്റും യാത്ര ചെയ്യുന്നവർക്കു മാസ്ക് ഉണ്ടോയെന്നു പരിശോധിക്കും. ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാഖറെക്കാണു നിയന്ത്രണങ്ങളുടെ മേൽനോട്ട ചുമതല.
മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തി, ഒരാഴ്ചയ്ക്കകം മടങ്ങുന്നവർ ക്വാറന്റീനിൽ കഴിയേണ്ടതില്ലെന്നു ചീഫ് സെക്രട്ടറി വി.പി. ജോയ് വ്യക്തമാക്കി. ഒരാഴ്ചയിലധികം കഴിയുന്നവർ 7 ദിവസത്തെ ക്വാറന്റീനു ശേഷം എട്ടാം ദിവസം പരിശോധന നടത്തണം.
English Summary: Government tightening covid restrictions