6 കുടുംബങ്ങളുടെ ടെൻഷൻ മാറ്റി ഭാസ്കരൻ നായരുടെ പെൻഷൻ

Mail This Article
തുറവൂർ ∙ സർക്കാരിൽനിന്നു കിട്ടുന്ന പെൻഷനിൽ നിന്ന് 6 പേർക്ക് പെൻഷൻ നൽകുകയാണ് തുറവൂർ നെടുംപുറത്ത് എ. ഭാസ്കരൻ നായർ. സഹകരണ വകുപ്പിൽനിന്നു വിരമിച്ച അദ്ദേഹം തന്റെ പെൻഷനിൽ നിന്ന് ഇപ്പോൾ 6 ഭിന്നശേഷിക്കാർക്കാണ് പെൻഷൻ നൽകുന്നത്. സർവീസിൽനിന്നു വിരമിച്ചെങ്കിലും ഒരു വർഷം പിന്നിട്ട ഈ സഹായ പദ്ധതിയിൽനിന്നു വിരമിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ രേഖകൾ നൽകണം, അന്വേഷണങ്ങൾ കഴിയണം, പിന്നെയും കാത്തിരിക്കണം. എന്നാൽ, ഭാസ്കരൻ നായർ നൽകുന്ന അനൗദ്യോഗിക പെൻഷൻ വേഗത്തിലാണ്. എല്ലാം നേരിട്ട് അന്വേഷിച്ച് എല്ലാ ഒന്നാം തീയതിയും സഹായം വീടുകളിലെത്തിക്കും. പെൻഷൻ വിതരണത്തിന്റെ വാർഷികത്തിൽ 6 പേർക്കും പെൻഷൻ തുകയ്ക്കു പുറമേ പുതുവസ്ത്രങ്ങളും കേക്കും നൽകിയിരുന്നു.
പെൻഷനേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് വഴി മൂന്നു പേർക്കും വളമംഗലം തെക്ക് എൻഎസ്എസ് കരയോഗം വഴി മൂന്നു പേർക്കുമാണ് 1000 രൂപ വീതം നൽകുന്നത്. സാമൂഹികനീതി വകുപ്പിനെയും പദ്ധതി അറിയിച്ചിട്ടുണ്ട്. മാതാപിതാക്കളായ ലക്ഷ്മിക്കുട്ടിയമ്മയുടെയും അച്യുതൻ നായരുടെയും സ്മരണയിലാണ് ഭാസ്കരൻ നായരുടെ സേവനം.
കോവിഡ് പ്രതിസന്ധി നാളുകളിലാണ് സഹായം നൽകിത്തുടങ്ങിയത്. പിന്നീടത് പെൻഷൻ രൂപത്തിൽ തുടർന്നു. തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരിൽ നിന്നാണ് അർഹരായ ആറു പേരെ തിരഞ്ഞെടുത്തത്. ഭാസ്കരൻ നായരുടെ നേതൃത്വത്തിൽ പെൻഷനേഴ്സ് യൂണിയന്റെയും കരയോഗത്തിന്റെയും ഭാരവാഹികളാണ് വീടുകളിൽ തുക എത്തിക്കുന്നു.
പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി രാജാമണി, ട്രഷറർ കൃഷ്ണകുമാർ, വളമംഗലം തെക്ക് എൻഎസ്എസ് കരയോഗം പ്രസിഡന്റ് മധു തുടങ്ങിയവരാണ് ഭാസ്കരൻ നായർക്കു തുണ. പ്രദേശത്ത് ഒട്ടേറെപ്പേർ സഹായത്തിന് അർഹരാണെങ്കിലും തങ്ങളാൽ കഴിയുന്നതു ചെയ്യുന്നെന്നും അതു നൽകുന്ന സംതൃപ്തിയാണു വലുതെന്നും ഭാസ്കരൻ നായർ പറയുന്നു.
English Summary: Pension for Bhaskaran Nair