ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി ∙ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലക്ഷ്യം മാനിച്ചു മാത്രമേ പാടം നികത്താൻ അനുമതി നൽകാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമം വന്ന ശേഷം ഭൂമി വാങ്ങിയവർ നെൽവയലിന് ഉടമകളാകാം; അല്ലാതെ വീടു നിർമാണത്തിന് ഇളവു നൽകുന്ന 5(3), 9 നിയമ വ്യവസ്ഥകളുടെ ആനുകൂല്യം കിട്ടില്ല. ഒറിജിനൽ ഉടമയ്ക്കു പോലും അനുമതി കിട്ടാൻ വ്യവസ്ഥകൾ ബാധകമാണ്. ജില്ലയിൽ വീടു വയ്ക്കാൻ മറ്റു ഭൂമിയുണ്ടാകരുത്.

പഞ്ചായത്തുകളിൽ പരമാവധി 4.04 ആർ, മുനിസിപ്പാലിറ്റി / കോർപറേഷനുകളിൽ 2.2 ആർ എന്നിങ്ങനെയാണു പരമാവധി നികത്താൻ കഴിയുന്നത്. സമീപ വയലുകളുടെ ജൈവ ഘടനയെ ബാധിക്കരുതെന്നും മറ്റുമുള്ള ഉപാധികൾ കൂടി പരിശോധിച്ചാണ് പ്രാദേശിക തല നിരീക്ഷണ സമിതി ശുപാർശ നൽകുന്നത് – പാടം നികത്തുന്നതു സംബന്ധിച്ച ഒരുകൂട്ടം ഹർജികളിൽ തീർപ്പു കൽപിച്ച് ഹൈക്കോടതി ഫുൾ ബെഞ്ച് വ്യക്തമാക്കി.

ഒരേക്കർ പാടം ഉള്ളയാൾ വീടു പണിയാൻ ഭൂമിയില്ലാത്ത 10 പേർക്കു വിറ്റാൽ, ഈ 10 പേർക്കും നികത്തൽ‌ സാധ്യമാണെങ്കിൽ നിയമം വഴി കൊണ്ടുവന്ന നിരോധനം നിഷ്ഫലമാകുമെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമത്തിനു മുൻപും പിൻപുമുള്ള എല്ലാ ഉടമകൾക്കും അപേക്ഷിക്കാൻ അർഹതയുണ്ടെന്നു ഹർജിക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

നെൽവയൽ നികത്തി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു തടഞ്ഞു സംരക്ഷിക്കുക എന്ന കാർഷിക നയത്തിന്റെ ഭാഗമായാണു സർക്കാർ നിയമം കൊണ്ടുവന്നതെന്നും നിയമത്തിന്റെ ലക്ഷ്യം കണക്കിലെടുത്തുള്ള വ്യാഖ്യാനമാണു സാധ്യമെന്നും കോടതി വ്യക്തമാക്കി. നിയമം വരുന്നതിനു മുൻപേ നികത്തിയ നെൽവയലുകളുടെ ഉപയോഗം അനുവദിക്കുക, എന്നാൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതും നിയമം വരുമ്പോൾ ഉണ്ടായിരുന്നതുമായ നെൽവയൽ സംരക്ഷിക്കുക എന്നതാണു നിയമത്തിന്റെ ലക്ഷ്യം.

2008ൽ നിയമം വന്ന ശേഷം നെൽവയൽ വാങ്ങിയവർക്കു വീടു പണിക്കു നികത്താൻ അനുമതിക്ക് അപേക്ഷിക്കാനാവില്ലെന്ന ‘തങ്കച്ചൻ’ കേസിലെ തത്വം ശരിയാണെന്നു ഫുൾബെഞ്ച് വ്യക്തമാക്കി. ഇതിനു വിരുദ്ധമായി ഡിവിഷൻ ബെഞ്ച് ‘യൂസഫ് ചാലിൽ’ കേസിൽ നൽകിയ ഉത്തരവു തെറ്റാണെന്നും വ്യക്തമാക്കി. ഹർജികളിൽ, ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി പി.ജിനിമോളുടെ കേസിൽ ഭൂമി ലഭിച്ചതു സെറ്റിൽമെന്റ് ഡീഡിന്റെ അടിസ്ഥാനത്തിൽ ആയതിനാൽ തൈക്കാട്ടുശേരിയിലെ പ്രാദേശികതല അവലോകന സമിതി അനുമതി അപേക്ഷ പുനഃപരിശോധിക്കാൻ കോടതി നിർദേശിച്ചു. 2008നു ശേഷം ഭൂമി വാങ്ങിയവർ നൽകിയ മറ്റു ഹർജികൾ കോടതി തള്ളി.

നെല്ല് ഉൽപാദനത്തിൽ ഒരുകാലത്തു കേരളം സ്വയംപര്യാപ്തമായിരുന്നു. പിന്നീട് ലാഭകരമല്ലെന്നു കണ്ട് പലരും മറ്റു വിളകളിലേക്കു തിരിഞ്ഞു, പല ആവശ്യങ്ങൾക്കു നികത്തി കെട്ടിടം പണിയാനും തുടങ്ങി. 1967ലെ കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡറിൽ കലക്ടർമാരിൽ നിന്ന് അനുമതി തേടാൻ വ്യവസ്ഥയുണ്ടായിരുന്നു. നികത്തലും പരിവർത്തനവും തടയാൻ അതു ഫലപ്രദമല്ലെന്നു കണ്ടാണ് 2008 ഒക്ടോബർ 12നു നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. ഓരോ പ്രശ്നത്തിനും പരിഹാരമായി 2011, 2015, 2016, 2018, 2020 വർഷങ്ങളിൽ ഭേദഗതിയും കൊണ്ടുവന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Kerala High Court, Paddy wetland protection act, Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com