വരുന്നൂ, ബ്രാൻഡഡ് റെയിൽവേ സ്റ്റേഷൻ

Mail This Article
പത്തനംതിട്ട ∙ റെയിൽവേ സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യാൻ ദക്ഷിണ റെയിൽവേ കരാർ ക്ഷണിച്ചു. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമാണിത്. സർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കരാറിൽ പങ്കെടുക്കാം. സ്റ്റേഷന്റെ പേരിനു മുന്നിലോ പിറകിലോ ബ്രാൻഡ് പേരോ ലോഗോയോ ചേർക്കാം. സ്റ്റേഷനിൽ സ്ഥലപ്പേരു പ്രദർശിപ്പിച്ചിട്ടുള്ള എല്ലായിടത്തും ബ്രാൻഡ് നാമം എഴുതാം.
റെയിൽവേ ട്രാക്കുകളിലോ ടിക്കറ്റുകളിലോ വെബ്സൈറ്റുകളിലോ അനൗൺസ്മെന്റ് സിസ്റ്റത്തിലോ ബ്രാൻഡിന്റെ പേരുണ്ടാകില്ല. ഒന്നോ അതിലധികമോ സ്റ്റേഷനുകൾ ഒരുമിച്ചു കരാർ എടുക്കാനുള്ള സൗകര്യമുണ്ട്. കരാർ നേടുന്നവർക്കു സ്റ്റേഷന്റെ സർക്കുലേറ്റിങ് ഏരിയയിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള അനുമതിയുണ്ടാകുമെന്നു കമേഴ്സ്യൽ വിഭാഗം അധികൃതർ പറഞ്ഞു.
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ചിലതു ബ്രാൻഡ് ചെയ്തിട്ടുണ്ട്. മൊബൈൽ കമ്പനികളും സ്വകാര്യ ബാങ്കുകളുമാണു മെട്രോയിൽ കരാറെടുത്തത്. മെട്രോയിലെ സ്കീമിന്റെ പോരായ്മ സ്റ്റേഷന്റെ പേരിനു മുന്നിൽ ബ്രാൻഡ് നാമം ചേർക്കാൻ കഴിയില്ലെന്നതാണ്.
സ്റ്റേഷൻ ബ്രാൻഡിങിനെ കുറിച്ചു റെയിൽവേ വർഷങ്ങളായി ചിന്തിക്കുന്നുണ്ടെങ്കിലും ഇപ്പോൾ മാത്രമാണു കരാർ നടപടികളിലേക്കു കടന്നത്. ജൂൺ 15 വരെ കരാർ സ്വീകരിക്കും. 3 വർഷം വരെയാണ് കാലാവധി.
Content Highlight: Branded railway station