പ്രയാറിന്റെ വിയർപ്പിൽ വിജയം ചുരത്തിയ മിൽമ

Mail This Article
കൊല്ലം∙ ‘കന്നാലിക്കാർക്കു കാശു കൊടുത്തോ...? എന്ന ചായക്കടക്കാരന്റെ ഒറ്റച്ചോദ്യത്തിനു മുന്നിൽ മിൽമയുടെ വെണ്ണപ്പാളി വേർതിരിച്ചെടുത്തയാളാണു പ്രയാർ ഗോപാലകൃഷ്ണൻ. ‘കേരളം കണി കണ്ടുണരുന്ന നന്മ’ യായി മിൽമയെ വളർത്തിയെടുത്തതിനു പിന്നിൽ പ്രയാർ എന്ന ശുഭ്രവസ്ത്രധാരിയുടെ അധ്വാന പാരമ്പര്യമുണ്ട്.
പ്രയാറിന്റെ അച്ഛന്റെ പ്രധാന തൊഴിൽ പശു വളർത്തലും പാൽ വിൽപനയുമായിരുന്നു. പഠിക്കുന്ന കാലത്ത് രാവിലെ ചായക്കടയിൽ പാലു കൊണ്ടു കൊടുക്കുകയായിരുന്നു പ്രധാന ഡ്യൂട്ടി. പേരിലൊരു ഗോപാലകൃഷ്ണൻ ഉള്ളതിനാൽ പശുവിനോടും പാലിനോടും അത്രമേൽ പ്രിയവും ഉണ്ടായിരുന്നു. വൈകിട്ട് പാലിന്റെ കാശു വാങ്ങാൻ ചായക്കടയിൽ എത്തുമ്പോൾ കടക്കാരന്റെ ‘കന്നാലി’ പ്രയോഗം പ്രയാറിന്റെ ഉള്ളിൽ വാശിയായി തൂവി. വളർന്നപ്പോൾ ക്ഷീരമേഖലയിൽ പ്രവർത്തിക്കാനുള്ള തീരുമാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നു മറ്റൊന്നുമായിരുന്നില്ല.
1982 മുതൽ ദീർഘകാലം മിൽമയുടെ ചെയർമാനായിരുന്ന പ്രയാർ ഗോപാലകൃഷ്ണന്റെ ആ പദവിയിലേക്കുള്ള വരവിനു പിന്നിലെ അധ്വാനം പാലു പോലെ സുഖമുള്ളതായിരുന്നില്ല. ക്ഷീരകർഷകനായ അച്ഛന്റെ മകൻ കേരളത്തിലെ ക്ഷീര കർഷകരെ സംഘടിപ്പിച്ചു മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ രൂപീകരിച്ചു. ഈ സംഘടനയുടെ ബാക്കിപത്രമാണ് ഇന്നു കാണുന്ന മിൽമ. സംഘടനയുടെ പ്രസിഡന്റായിരിക്കെ ഗുജറാത്തിൽ പോയി ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യനെ കണ്ട കഥ പ്രയാർ പലയിടത്തും പറഞ്ഞിട്ടുണ്ട്.
ക്ഷീരകർഷകരും ക്ഷീരസംഘങ്ങളും നേരിടുന്ന ദുരിതങ്ങൾ വിളിച്ചു പറഞ്ഞു അസോസിയേഷന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജീപ്പു ജാഥ നടത്തിയാണു പ്രയാർ ഈ വിഷയം ജനമനസ്സുകളിലെത്തിച്ചത്. ഗുജറാത്തിലെ ആനന്ദ് മോഡൽ കേരളത്തിലും വേണം എന്നായിരുന്നു പ്രധാന മുദ്രാവാക്യം. ഗുജറാത്തിൽ വി. കുര്യന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ആപ്കോസിന്റെ പതിപ്പ് കേരളത്തിലും വേണമെന്ന ചിന്ത അങ്ങനെ ശക്തമായി. അന്നു കെ.ആർ ഗൗരിയമ്മയാണു വകുപ്പു മന്ത്രി. ഈ ആവശ്യവുമായി ഗൗരിയമ്മ ഗുജറാത്തിൽ പോയി കുര്യനെ കണ്ടു. ഗുജറാത്ത് മാതൃക കേരളത്തിൽ വിജയിക്കില്ലെന്നായി കുര്യൻ.
ഒടുവിൽ പ്രയാറിന്റെ മുദ്രാവാക്യവും കേരളത്തിന്റെ ആവശ്യവും ഫലം കണ്ടു. നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് ചെയർമാനായിരുന്ന കുര്യൻ കേരളത്തിലേക്കു ഫണ്ട് അനുവദിച്ചു. മിൽമ തുളുമ്പിത്തുടങ്ങിയത് അന്നു മുതലാണ്. മിൽമയുടെ പത്താം വാർഷികാഘോഷത്തിൽ പ്രസംഗിക്കുമ്പോൾ സാക്ഷാൽ വർഗീസ് കുര്യൻ മിൽമയുടെ വിജയത്തെ വാനോളം പുകഴ്ത്തിയും ചരിത്രം.
മിൽമയുടെ വരവു വരെ കേരളത്തിൽ പാലു വിതരണം കേരള ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ആൻഡ് മിൽക്ക് മാർക്കറ്റിങ് ബോർഡ് വഴിയായിരുന്നു. കൊല്ലം തേവള്ളിയിൽ ബോർഡിനു പ്ലാന്റും ഉണ്ടായിരുന്നു. വൻ നഷ്ടത്തിലായിരുന്നു പ്ലാന്റ് അക്കാലത്ത്. ഐഎഎസുകാർ സ്ഥാപിത ചെയർമാന്മാരായിരുന്ന കാലത്തു നിന്നു ക്ഷീരകർഷകൻ കൂടിയായ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാനായി പ്രയാർ രംഗത്തെത്തിയതോടെ മിൽമയിൽ വൈവിധ്യവത്കരണത്തിന്റെ നെയ്യും വെണ്ണയും തെളിഞ്ഞു. തേവള്ളിയിലെ പ്ലാന്റ് ഏറ്റെടുത്ത മിൽമ പാലിനു സ്ഥിര വിപണിയും മികച്ച വിലയും ഉറപ്പാക്കി. സംഭരണ വില കർഷകർക്ക് കൃത്യമായി എത്തിക്കാൻ സംവിധാനം ഒരുക്കി. പാലുൽപാദനം കൂടിയപ്പോൾ ആലപ്പുഴയിൽ മിൽക്ക് പൗഡർ യൂണിറ്റ് സ്ഥാപിച്ചു. കർഷകർക്കു കാലിത്തീറ്റ മിതമായ വിലയ്ക്കു നൽകാൻ ആലപ്പുഴ പട്ടണക്കാടും പാലക്കാട് മലമ്പുഴയിലും ഫാക്ടറികൾ തുറന്നു. കാലിത്തീറ്റയ്ക്കു തമിഴ്നാട് ലോബി വില നിശ്ചയിച്ചിരുന്ന കാലം അതോടെ ഓർമയായി. അക്കാലത്ത് കേരള ഫീഡ്സ് ഇല്ലായിരുന്നുവെന്ന് ഓർക്കണം.
ക്ഷീര കർഷകരുടെ മക്കൾക്കു സ്കോളർഷിപ്, കർഷകർ മരിച്ചാൽ അടിയന്തര സഹായമായി 10000 രൂപ, ക്ഷീരസംഘങൾ ക്കു കെട്ടിടം പണിയാൻ ഗ്രാന്റ്, അയൽ സംസ്ഥാനങ്ങളിൽ നിന്നു പശുവിനെ കൊണ്ടുവരുന്നതിനു കടത്തുകൂലി... അങ്ങനെ പശു വളർത്തൽ മുതൽ കാലിത്തീറ്റയും നെയ്യും മിൽക്ക് പേഡയും വരെ വൈവിധ്യവത്കരണത്തിന്റെ ശ്രേണീവിന്യാസം പ്രയാറിന്റെ കാലത്തു മിൽമ കണ്ടു.
പ്രയാറിന് ഏറ്റവും ഇഷ്ടമുള്ള 2 കാര്യങ്ങളുണ്ട്; പശുവിനെ കുളിപ്പിക്കുക, കറക്കുക. അവസാന കാലം വരെ അതു തുടർന്നു. ഇന്ത്യയിലെ ഏറ്റവും ചെറിയ പശുവായ വെച്ചൂരും വലിയ പശുവായ കാംകറേജും പ്രയാറിന്റെ ശേഖരത്തിലുണ്ടായിരുന്നു.
Content Highlight: Prayar Gopalakrishnan