ഡോ. ബി.സി.ബാലകൃഷ്ണൻ അന്തരിച്ചു
Mail This Article
തിരുവനന്തപുരം ∙ ഭാഷാ പണ്ഡിതനും മലയാളം ലെക്സിക്കൻ മുൻ മേധാവിയും ആത്മീയ പ്രഭാഷകനുമായ ഡോ. ബി.സി.ബാലകൃഷ്ണൻ (95) അന്തരിച്ചു. സംസ്കാരം ഇന്നു 12നു തൈക്കാട് ശാന്തികവാടത്തിൽ.
കേരള സർവകലാശാലാ ലെക്സിക്കൻ വിഭാഗം മേധാവിയായിരിക്കെ മലയാള മഹാനിഘണ്ടുവിന്റെ 4 മുതൽ 6 വരെ വോള്യം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. ഭാഷാവിജ്ഞാനം, നമ്മുടെ സംസ്കാരത്തിന്റെ വേരുകൾ, സംസ്കൃത സ്വാധീനം മലയാളത്തിൽ എന്നീ കൃതികളുടെ കർത്താവാണ്. ലളിതാസഹസ്രനാമം, ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, നാരായണീയം എന്നിവയ്ക്കു വ്യാഖ്യാനമെഴുതി. 18,000 ശ്ലോകങ്ങളുള്ള ദേവീഭാഗവതത്തിന്റെ വ്യാഖ്യാനത്തിലായിരുന്നു അവസാന നാളുകളിൽ. ആധ്യാത്മിക പ്രഭാഷണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.
കേരള സാഹിത്യ അക്കാദമി അവാർഡ്, ഇന്റർ നാഷനൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിറ്ററേച്ചർ അവാർഡ്, സി.വി.സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യ നിഘണ്ടു നിർമാണ സൊസൈറ്റിയായ ലെക്സിക്കോഗ്രഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയ്ക്ക് 1975ൽ രൂപം നൽകിയതും അദ്ദേഹമാണ്.
ഭാര്യ: പരേതയായ പ്രഫ. രാജമ്മ ബാലകൃഷ്ണൻ (എൻഎസ്എസ് വനിതാ കോളജ്, കരമന). മക്കൾ: ബി.ആർ.ബാലകൃഷ്ണൻ (മുൻ ഇൻകംടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ), ബി.ആർ.ബാലരാമൻ (മുൻ മെക്കാനിക്കൽ എൻജിനീയർ, ഇന്ത്യൻ എയർഫോഴ്സ്), ബി.ആർ.ബാലചന്ദ്രൻ. മരുമക്കൾ: ആശാ ബാലകൃഷ്ണൻ, ഹേമലത നായർ, സൗമ്യ ബാലചന്ദ്രൻ (ആർക്കിടെക്ട് ആൻഡ് ടൗൺ പ്ലാനർ, യുഎസ്).
English Summary : Dr. BC Balakrishnan passed away