മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു
Mail This Article
കൊച്ചി ∙ ലളിതവും പ്രൗഢവുമായ ചടങ്ങിൽ മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പായി അഭിഷിക്തനായി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ, സഹ മെത്രാൻമാരുടെയും വൈദികരുടെയും അൽമായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പുതിയ മേജർ ആർച്ച്ബിഷപ്പിന് അധികാരചിഹ്നമായ അംശവടി കൈമാറി; ചുവന്ന മുടി അണിയിച്ചു.
മെത്രാൻമാരും വൈദികരും മാർ റാഫേൽ തട്ടിലിനെ ബലിവേദിയിലേക്ക് ആനയിച്ചതോടെയായിരുന്നു ചടങ്ങിന്റെ തുടക്കം. അഡ്മിനിസ്ട്രേറ്റർ സ്ഥാനാരോഹണ വിവരങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പ് അംഗീകരിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കത്ത് കൂരിയ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടം വായിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പൊരുന്നേടം, മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി എന്നിവർക്കു മുന്നിൽ ബൈബിളിൽ തൊട്ട് നിയുക്ത മേജർ ആർച്ച്ബിഷപ് മാർപാപ്പയോടും സഭയുടെ വിശ്വാസ പ്രമാണങ്ങളോടുമുള്ള കൂറും വിധേയത്വവും അനുസരണയും പ്രഖ്യാപിച്ചു.
മറ്റുള്ളവരെ പ്രകാശിപ്പിക്കാൻ കഴിയുംവിധം പ്രകാശരശ്മികളാൽ നിറയ്ക്കട്ടെ എന്നർഥം വരുന്ന സങ്കീർത്തന ഭാഗങ്ങളുടെ വായനയ്ക്കുശേഷം മാർ തട്ടിലിനെ മേജർ ആർച്ച്ബിഷപ്പിന്റെ ഇരിപ്പിടത്തിലേക്ക് ആനയിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി. കുർബാനയുടെ തുടർന്നുള്ള ഭാഗങ്ങൾക്കു മേജർ ആർച്ച്ബിഷപ് മുഖ്യ കാർമികത്വം വഹിച്ചു. സ്ഥാനമൊഴിഞ്ഞ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും മാർ തട്ടിലിന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. നഷ്ടപ്പെട്ടതിനെ കണ്ടെത്താനും ഒന്നും നഷ്ടപ്പെടാതിരിക്കാനുമുള്ള ശുശ്രൂഷയായിരിക്കും തന്റേതെന്നു മാർ തട്ടിൽ മറുപടിപ്രസംഗത്തിൽ വ്യക്തമാക്കി.