ബിനീഷ് കോടിയേരിക്ക് വിദേശയാത്രാ അനുമതി; യാത്ര സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കളിക്കാൻ
Mail This Article
ബെംഗളൂരു∙ ലഹരി ഇടപാടുമായി ബന്ധമാരോപിച്ച് ഇ.ഡി റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിലുള്ള ബിനീഷ് കോടിയേരിക്ക് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാനായി വിദേശയാത്ര നടത്താൻ പ്രത്യേക കോടതി അനുമതി നൽകി. ഷാർജയിൽ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (സിസിഎൽ) കേരള സ്ട്രൈക്കേഴ്സ് ടീമിനു വേണ്ടി കളിക്കാൻ, ഈ മാസം 21 മുതൽ 27 വരെയാണ് യാത്രാനുമതി. അനുമതി നൽകിയാൽ ബിനീഷ് രാജ്യത്തേക്ക് തിരിച്ചുവരില്ലെന്ന് ഇ.ഡി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. രാജ്യത്ത് തിരിച്ചെത്തിയ ശേഷം പാസ്പോർട്ട് തിരിച്ചേൽപിക്കണം. മാർച്ച് 1ന് കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.
2021 ഒക്ടോബറിൽ ബിനീഷിന് ജാമ്യം അനുവദിക്കുമ്പോൾ രാജ്യം വിട്ടു പോകരുതെന്ന് കർണാടക ഹൈക്കോടതി ഉപാധി വച്ചിരുന്നു. ലഹരി ഇടപാട് കേസിൽ പ്രതിയല്ലാത്തതിനാൽ ഇ.ഡി കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് നൽകിയ ഹർജിയിൽ പ്രത്യേക കോടതിയുടെ നടപടികൾ മരവിപ്പിച്ച് 2023 ഓഗസ്റ്റിൽ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. തുടർന്ന് ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹർജി ഇക്കഴിഞ്ഞ 2ന് സുപ്രീം കോടതിയും തള്ളി.
ലഹരി ഇടപാട് നടത്തിയതിന് കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) 2020 ഓഗസ്റ്റിൽ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ‘ബോസ്’ ബിനീഷാണെന്ന് അനൂപ് വെളിപ്പെടുത്തിയതിനു പിന്നാലെ ഇ.ഡി റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നാലാം പ്രതിയാണ് ബിനീഷ്. 2020 ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.