ADVERTISEMENT

തൃശൂർ ∙ സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ട് ആദായനികുതി വകുപ്പു മരവിപ്പിച്ചതിനുപിന്നാലെ വിവിധ സഹകരണബാങ്കുകളിലെ 81 അക്കൗണ്ടുകൾ കൂടി ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പരിശോധിക്കുന്നു. സിപിഎം ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികളുടെ പേരിലുള്ള അക്കൗണ്ടുകളാണിത്.

തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനുശേഷം അനുമതി കൂടാതെ ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലാണു പരിശോധന. എംജി റോഡിനുസമീപം ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്നു കണക്കിൽ കാണിക്കാതെ 1.08 കോടിയോളം രൂപ പിൻവലിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പു നടപടിയെടുത്തത്. ഈ വിഷയത്തിൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ കഴിഞ്ഞ ദിവസം ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്തിരുന്നു. ഇന്നു വീണ്ടും ഹാജരാകാൻ എം.എം. വർഗീസിനും മുൻ എംപി പി.കെ. ബിജുവിനും നിർദേശം നൽകിയിട്ടുണ്ട്.

ഈ അക്കൗണ്ടിലൂടെ 16 കോടി രൂപയുടെ ഇടപാടുകൾ സമീപകാലങ്ങളിൽ നടന്നിട്ടുണ്ടെന്നും 3.80 കോടി രൂപ അക്കൗണ്ടിൽ ശേഷിക്കുന്നുണ്ടെന്നും കണ്ടെത്തി. ഈ തുകയ്ക്ക് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്നു സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല.

ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിനു പുറമേ കരുവന്നൂർ സഹകരണ ബാങ്കിൽ 3 ലോക്കൽ കമ്മിറ്റികളുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ച നിലയിലാണ്. കരുവന്നൂരിൽ പാർട്ടിക്കു രഹസ്യ അക്കൗണ്ടുകളില്ലെന്നു തുടക്കം മുതൽ വാദിച്ചിരുന്ന സിപിഎമ്മിനെ വെട്ടിലാക്കി 5 രഹസ്യ അക്കൗണ്ടുകൾ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ 81 അക്കൗണ്ടുകളിൽ പെരുമാറ്റച്ചട്ടം മറികടന്ന് ഒരു ലക്ഷം രൂപയിലേറെയുള്ള തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലാണു പരിശോധന. ഇത്തരം ഇടപാടുകൾ നടന്നാൽ അറിയിക്കാൻ ലീഡ് ബാങ്ക് മാനേജർ അടക്കമുള്ളവർക്ക് കലക്ടർ നിർദേശം നൽകിയിരുന്നു. ഇത്തരം ഇടപാടുകൾ കണ്ടെത്തിയാൽ പെരുമാറ്റച്ചട്ട ലംഘനത്തിനു കൂടി നിയമനടപടി നേരിടേണ്ടിവരും.

ഇത് ഗുണ്ടായിസം: എം.വി.ഗോവിന്ദൻ

ചാലക്കുടി ∙ ഇ.ഡിയും ആദായനികുതി വകുപ്പും കാണിക്കുന്നതു ഗുണ്ടായിസമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിനെപ്പറ്റി സംസ്ഥാന കമ്മിറ്റിക്ക് അറിയാം. എല്ലാം സുതാര്യമാണ്. എല്ലാ അക്കൗണ്ടുകളുടെ വിവരങ്ങളും കേന്ദ്രസർക്കാരിനു കൊടുത്തതാണ്. ഇൻകം ടാക്സ് റിട്ടേണിലും ഇക്കാര്യമുണ്ട്. അക്കൗണ്ട് മരവിപ്പിച്ചതിനെ നിയമപരമായി നേരിടും. ഇതു കടന്നാക്രമണാണ്, ഇതിനെ അഭിമുഖീകരിക്കുക തന്നെ ചെയ്യും. പാർട്ടി അക്കൗണ്ടിനെക്കുറിച്ച് അന്വേഷിക്കേണ്ട കാര്യമെന്താണെന്നും ഗോവിന്ദൻ ചോദിച്ചു.

English Summary:

Enforcement Directorate to examine cpm accounts to find out whether the transactions have violated the election code of conduct

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com