നിക്ഷേപത്തുക തിരിച്ചുനൽകിയില്ല; സിപിഎം സഹകരണ സംഘത്തിനെതിരെ സിപിഐ എംപിയുടെ സഹോദരി
Mail This Article
ഇരിട്ടി (കണ്ണൂർ) ∙ സിപിഎം നിയന്ത്രണത്തിലുള്ള കീഴൂർ ചാവശ്ശേരി വനിതാ സഹകരണസംഘത്തിൽ നിക്ഷേപിച്ച തുക കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകിയില്ലെന്ന് ആരോപിച്ച് കുത്തിയിരിപ്പുസമരവുമായി അധ്യാപിക. രാജ്യസഭാ എംപിയും സിപിഐ നേതാവുമായ പി.സന്തോഷ്കുമാറിന്റെ സഹോദരി പി.വി.ഷീജയാണു സമരം നടത്തിയത്. 2 തവണയായി നിക്ഷേപിച്ച 18 ലക്ഷം രൂപ കാലാവധി കഴിഞ്ഞ് 2 വർഷം പിന്നിട്ടിട്ടും തിരിച്ചുകിട്ടിയില്ലെന്നാണു പരാതി.
ഇതു സംബന്ധിച്ച് സിപിഎം ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് സഹകരണസംഘം ഓഫിസിനു മുന്നിൽ രാവിലെ മുതൽ വൈകിട്ടു വരെ കുത്തിയിരുന്നു പ്രതിഷേധിച്ചത്.
സിപിഎം നേതാക്കളുടെ നിർബന്ധത്തെത്തുടർന്നാണ് 2021 ജൂലൈയിൽ 6 ലക്ഷം രൂപയും ഡിസംബറിൽ 12 ലക്ഷം രൂപയും സഹകരണസംഘത്തിൽ നിക്ഷേപിച്ചതെന്ന് ഷീജ പറഞ്ഞു. ഒരുവർഷ കാലാവധിയിൽ നിക്ഷേപിച്ച തുക, കാലാവധി തികഞ്ഞ 2022 ജൂലൈയിൽ ആവശ്യപ്പെട്ടെങ്കിലും പലിശ പോലും നൽകിയില്ല. നിക്ഷേപ കാലാവധി നീട്ടണമെന്ന നേതാക്കളുടെ അഭ്യർഥന മാനിച്ച് ഒരുവർഷത്തേക്കുകൂടി നിക്ഷേപം സഹകരണസംഘത്തിൽ നിലനിർത്തി.
2023 ജൂലൈയിൽ തുക ആവശ്യപ്പെട്ടപ്പോൾ 6 മാസത്തിനകം മുഴുവൻ തുകയും നൽകാമെന്നു നേതാക്കൾ വീട്ടിലെത്തി ഉറപ്പുനൽകി. എന്നാൽ, വാക്കു പാലിച്ചില്ല. ‘പാർട്ടി അനുഭാവിയായ ഞാൻ പാർട്ടിയെ വിശ്വസിച്ചാണു സമ്പാദ്യം മുഴുവൻ സഹകരണസംഘത്തിൽ നിക്ഷേപിച്ചത്. പലതവണ നേതാക്കൾ പറഞ്ഞു പറ്റിച്ചതിനാൽ ഭാവി പരിപാടികൾ ആലോചിച്ചു തീരുമാനിക്കും’ – ഷീജ പറഞ്ഞു.