ADVERTISEMENT

തിരുവനന്തപുരം∙ സോളർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് 2013 ൽ എൽഡിഎഫ് പ്രഖ്യാപിച്ച അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധ സമരം രണ്ടാം ദിവസം അവസാനിപ്പിച്ചത് സിപിഎം മുൻകൈ എടുത്തിട്ടാണെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയായി. കൈരളി ടിവി എംഡിയും ഇപ്പോൾ രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് സമരം തീർക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയെന്ന വെളിപ്പെടുത്തലാണ് ചർച്ചയ്ക്കു തിരികൊളുത്തിയത്.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും പ്രവർത്തകരെ തലസ്ഥാനത്ത് എത്തിച്ചു വീറോടെ സിപിഎം തുടങ്ങിയ സമരം പിറ്റേന്നു പിൻവലിച്ചത് ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന ആക്ഷേപം പാർട്ടിയിലും എൽഡിഎഫിലും ഉയർന്നിരുന്നു. പാർട്ടിയെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലിനോടു നേതൃത്വം പ്രതികരിച്ചില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സാധാരണ മാധ്യമങ്ങളെ കാണാറുള്ള സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദൻ അതിനു തുനിഞ്ഞില്ല. സമരം അവസാനിപ്പിക്കണമെന്ന് സിപിഎം അങ്ങോട്ടല്ല, യുഡിഎഫ് ഇങ്ങോട്ടാണ് ആവശ്യപ്പെട്ടതെന്ന് ആരോപണങ്ങളോട് ബ്രിട്ടാസ് പ്രതികരിച്ചു. 

ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ആ സമയത്ത് കൈരളി ഓഫിസിൽ ഉണ്ടായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. ഒത്തുതീർപ്പിന് തയാറാകണമെന്ന അദ്ദേഹത്തിന്റെ അഭ്യർഥന സിപിഎം നേതൃത്വത്തിനു കൈമാറി. തുടർന്നു പാർട്ടിയുടെ അറിവോടെ ഉമ്മൻചാണ്ടിയെ കണ്ടപ്പോൾ തിരുവഞ്ചൂരും പി.കെ.കുഞ്ഞാലിക്കുട്ടിയും ചെറിയാൻ ഫിലിപ്പും ഉണ്ടായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു. 

ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നു ബ്രിട്ടാസ് തന്നെ ഇങ്ങോട്ടു വിളിക്കുകയാണ് ചെയ്തതെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. പ്രശ്നം പരിഹരിക്കാൻ എല്ലാവരുമായും ചർച്ച നടത്തി. ഒരു വ്യാഴവട്ടത്തിനുശേഷം അതു പറഞ്ഞ് ആരെയും തേജോവധം ചെയ്യാൻ താനില്ല– തിരുവഞ്ചൂർ വ്യക്തമാക്കി.

ഇരു വിഭാഗത്തിനും സമരം തീർക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും ആരാണ് മുൻകൈ എടുത്തത് എന്നതിനു പ്രസക്തിയില്ലെന്നും അന്ന് ഇടതുപക്ഷത്തായിരുന്ന കെപിസിസി മാധ്യമസമിതി ചെയർമാൻ ചെറിയാൻ ഫിലിപ് പറഞ്ഞു. സമരങ്ങൾ തീർക്കാൻ ചർച്ചകൾ നടത്തുന്നതിൽ തെറ്റില്ലെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.ചർച്ചകൾക്കായി പാർട്ടികൾ പരസ്പരം ബന്ധപ്പെടുന്നതു സ്വാഭാവികമാണ്. സോളർ സമരത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കി ജനങ്ങളെ വഞ്ചിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസ്താവിച്ചു.

English Summary:

Debate again on solar case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com