ടിടിഇമാർക്കെതിരായ അതിക്രമങ്ങൾ തടയണം; ആർപിഎഫിനും റെയിൽവേ പൊലീസിനും കർശന നിർദേശം
Mail This Article
പാലക്കാട് ∙ ടിക്കറ്റ് പരിശോധകർക്കെതിരായ അതിക്രമങ്ങൾ തടയാനും ഉത്തരവാദികളെ പിടികൂടുന്നതിനു അതീവജാഗ്രത പുലർത്താനും റെയിൽവേ ഡിവിഷൻ സുരക്ഷാസേനയോടും (ആർപിഎഫ്) റെയിൽവേ പൊലീസിനോടും നിർദേശിച്ചു. പരാതികൾ എത്ര ചെറുതായാലും അതു വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രയ്ക്കിടെയുണ്ടാകുന്ന പ്രശ്നങ്ങളിൽ തർക്കത്തിനു നിൽക്കാതെ ഉടനടി ആർപിഎഫിനെ അറിയിക്കാൻ ടിക്കറ്റ് പരിശോധകർക്കു നിർദേശം നൽകിയതായി അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ കെ.അനിൽകുമാർ പറഞ്ഞു.
വിവിധ വിഭാഗങ്ങൾ പരാതി കൈകാര്യം ചെയ്യുന്നതിലെ ഏകോപനം ശക്തിപ്പെടുത്താനും നടപടി ആരംഭിച്ചു. ഉദ്യോഗസ്ഥർ മൊബൈലിലൂടെയും നേരിട്ടും ആർപിഎഫ്, ഇന്റലിജൻസ്, റെയിൽവേ പൊലീസ് എന്നിവ ഉൾപ്പെടുന്ന 24 മണിക്കൂർ കൊമേഴ്സ്യൽ കൺട്രോൾ റൂമിലേക്കാണു സാധാരണ വിവരങ്ങൾ അറിയിക്കുന്നത്.
യാത്രക്കാർക്കു പരാതിയുണ്ടെങ്കിൽ അറിയിക്കാൻ സംവിധാനമുണ്ടെന്നും വേഗത്തിൽ നടപടിയുണ്ടാകുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. അത് ഉപയോഗിക്കാതെ ഉദ്യോഗസ്ഥരോട് ഉപദ്രവിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണു റെയിൽവേ അറിയിപ്പ്. ഡ്യൂട്ടി തടസ്സപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ കേസുകളിൽ ജാമ്യം ലഭിക്കില്ല. തട്ടിക്കയറുന്ന സംഭവങ്ങളിലും കേസെടുക്കാനാണു തീരുമാനം.