'അടിത്തറ ഇളക്കിയ തോൽവി': അവലോകന റിപ്പോർട്ടിൽ തുറന്നുസമ്മതിച്ച് സിപിഎം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തു പാർട്ടിയുടെ അടിത്തറ ഇളക്കിയ തോൽവിയാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്നു സിപിഎം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്. അടിസ്ഥാനവോട്ടുകളിൽ നല്ലൊരു പങ്ക് ബിജെപിയിലേക്ക് ഒഴുകിയെന്നും ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും കാര്യമായ സംഘടനാ ശേഷിയില്ലാത്ത പ്രദേശങ്ങളിൽ പോലും അവർക്ക് വലിയ മുന്നേറ്റമുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
‘ഈ തിരിച്ചടി മുൻകൂട്ടി മനസ്സിലാക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചു. കേഡർ പാർട്ടിക്ക് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണ് ഉണ്ടായത്. ബിജെപിക്ക് ബൂത്തിലിരിക്കാൻ ആളില്ലാത്ത പ്രദേശങ്ങളിൽ പോലും ഇത്തവണ അവർ കാര്യമായ മുന്നേറ്റമുണ്ടാക്കി. അപകടകരമായ ഈ വളർച്ച പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾക്കു പാർട്ടി മുൻതൂക്കം നൽകണം. തിരുവനന്തപുരത്താണു ബിജെപി ഏറ്റവും വലിയ വളർച്ച നേടിയിരിക്കുന്നത്.
വോട്ടർമാരിൽ ബഹുഭൂരിപക്ഷവും പാർട്ടി പത്രത്തിന്റെ വരിക്കാരായ പ്രദേശത്തെ ബൂത്തിൽ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്താകുന്ന സാഹചര്യം പോലുമുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപിക്കു പോകുന്നതു തടയാൻ കാര്യമായ പ്രവർത്തനവും ഇടപെടലും വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി ജനപ്രതിനിധികൾ കൂടുതൽ ജനകീയരായി മാറുമ്പോൾ സിപിഎം പ്രതിനിധികൾക്ക് പലയിടത്തും ആ വിശ്വാസം നിലനിർത്താനാകുന്നില്ല.
ക്ഷേമ പെൻഷൻ അടക്കമുള്ള പദ്ധതികൾ മുടങ്ങിയത് കേന്ദ്രം അർഹമായ പണം തരാത്തതുകൊണ്ടാണെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ജനങ്ങളോട് ഇതു കൃത്യമായി വിശദീകരിക്കുന്നതിലും വീഴ്ചയുണ്ടായി ’– സംസ്ഥാന കമ്മിറ്റി വിലയിരുത്തലിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നെങ്കിലും സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ അത്തരം വിലയിരുത്തലൊന്നുമില്ല. മുഖ്യമന്ത്രിയുടെ മകളും കരിമണൽ കമ്പനിയും തമ്മിലുള്ള ദുരൂഹമായ സാമ്പത്തിക ഇടപാടുകളിൽ കൃത്യമായ വിശദീകരണം നൽകാനാകാത്തത് തിരിച്ചടിയായെന്ന വിമർശനം സംബന്ധിച്ചും പരാമർശമില്ല.