ADVERTISEMENT

കൊച്ചി ∙ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനാണ് സാന്ദ്രയ്ക്കെതിരെ നടപടിയെന്നും കാരണം കാണിക്കൽ നോട്ടിസിനു നൽകിയ വിശദീകരണം സത്യവിരുദ്ധവും തൃപ്തികരമല്ലെന്നും സെക്രട്ടറി ബി.രാഗേഷ് വ്യക്തമാക്കി. അസോസിയേഷൻ നേതാക്കൾക്കെതിരെ സാന്ദ്ര നൽകിയ കേസ് വ്യാജമാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. 

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും നടപടിക്കെതിരെ ഫിലിം ചേംബറിനെ സമീപിക്കുമെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു. തനിക്ക് നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയതാണ് സംഘടന കണ്ടെത്തിയ അച്ചടക്ക ലംഘനമെന്ന് സാന്ദ്ര ആരോപിച്ചു. നിർമാതാക്കളുടെ സാമ്പത്തിക സ്രോതസ്സ് സർക്കാർ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംഘടനയിൽ 3 മാസം മുൻപ് മാത്ര അംഗത്വമെടുത്ത വനിത പ്രചരിപ്പിച്ചത് അവാസ്തവമായ കാര്യങ്ങളാണെന്നു ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് കത്തയച്ചിരുന്നു.സാന്ദ്രയുടെ ചിത്രത്തിന്റെ റിലീസിനു ശേഷം ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംഘടനയിൽ നൽകിയ പരാതിയിൽ വിശദീകരണം കേൾക്കാനായി വിളിപ്പിച്ചപ്പോൾ ഭർത്താവിനൊപ്പമാണ് എത്തിയതെന്നും പിന്നീട് അസോസിയേഷൻ നേതൃത്വത്തിനൊപ്പം ഭക്ഷണവും കഴിച്ച് സൗഹൃദപരമായാണ് മടങ്ങിപ്പോയതെന്നും അസോസിയേഷൻ വ്യക്തമാക്കി.

സാന്ദ്രയെ പുറത്താക്കിയതിനെതിരെ മറ്റൊരു അംഗം ഷീല കുര്യൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തു നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയതിന്റെ പേരിലാണ് അംഗത്തെ പുറത്താക്കിയിരിക്കുന്നത്. ഇരയെ പുറത്താക്കിയതിലൂടെ അസോസിയേഷൻ എന്ത് നീതിയാണ് നടപ്പാക്കിയതെന്നും കുറ്റം ആരോപിക്കപ്പെട്ടവർ ഭരണസമിതിയിൽ നിന്ന് മാറിനിൽക്കണമെന്നും ഷീല ആവശ്യപ്പെട്ടു. ഷീലയ്ക്കും സംഘടന നേരത്തെ വിശദീകരണം ചോദിച്ച് കത്തയച്ചിരുന്നു.

English Summary:

Producers association sacked Sandra Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com