കെപിസിസി നേതൃമാറ്റം: അഭിപ്രായം തേടി എഐസിസി; നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് ദീപ ദാസ്മുൻഷി

Mail This Article
തിരുവനന്തപുരം ∙ കെപിസിസിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിന്മേൽ കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം തേടി. ഉന്നതനേതാക്കൾ തമ്മിലെ ഭിന്നത പരിഹരിക്കാനുള്ള നിർദേശങ്ങളും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ചോദിച്ചറിഞ്ഞു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡിനു റിപ്പോർട്ട് സമർപ്പിക്കും.
രാഷ്ട്രീയകാര്യസമിതി യോഗത്തിനെത്തിയ ദീപ ദാസ്‌മുൻഷി ഞായറാഴ്ച ഉച്ചയ്ക്കു മുൻപായും ഇന്നലെ മുഴുവനും ഈ ചർച്ചകൾക്കായി മാറ്റിവച്ചു. രമേശ് ചെന്നിത്തലയെയാണ് അവർ ഇന്നലെ ആദ്യം കണ്ടത്. കെ.സുധാകരന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെയുള്ള ഏതു നീക്കത്തിലും ചെന്നിത്തല ആശങ്ക അറിയിച്ചു. സുധാകരനോടു വ്യക്തിപരമായ അകൽച്ചയോ വിദ്വേഷമോ ഇല്ലെന്നും പക്ഷേ, സംഘടനാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഇന്ദിരാഭവൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിലും യാത്ര ചെയ്യുന്നതിലും അദ്ദേഹത്തിനുള്ള പരിമിതികൾ കണക്കിലെടുത്ത് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കണമെന്ന അഭിപ്രായമാണു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പങ്കുവച്ചതെന്ന് അറിയുന്നു.
എം.എം.ഹസൻ, ബെന്നി ബഹനാൻ, സണ്ണി ജോസഫ്, എം.ലിജു, വി.എസ്.ശിവകുമാർ, മാത്യു കുഴൽനാടൻ തുടങ്ങിയവരും ദീപയുമായി ആശയവിനിമയം നടത്തി. സുധാകരന്റെ കാര്യത്തിൽ യുക്തമായ തീരുമാനം ഹൈക്കമാൻഡ് എടുക്കണമെന്ന മറുപടിയാണു കൂടുതൽ പേരും നൽകിയത്. പാർട്ടിയെ ഐക്യത്തോടെ കൊണ്ടുപോകാൻ കെപിസിസി പ്രസിഡന്റിനൊപ്പം പ്രതിപക്ഷനേതാവും ശ്രമിക്കണമെന്നും ചിലർ നിർദേശിച്ചു. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച നിർദേശങ്ങളുമുയർന്നു.