അതിവേഗ ട്രെയിൻ: പ്രതീക്ഷ നൽകി മന്ത്രി അശ്വിനി വൈഷ്ണവ്

Mail This Article
ന്യൂഡൽഹി ∙ നമോഭാരത് അതിവേഗ ട്രെയിനുകളടക്കം സർവീസ് തുടങ്ങുമ്പോൾ കേരളത്തിനും അർഹമായ പരിഗണന നൽകുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
അങ്കമാലി – എരുമേലി ശബരിപാതയുടെ ത്രികക്ഷി കരാർ (റെയിൽവേ–സംസ്ഥാന സർക്കാർ–ആർബിഐ) ഒപ്പിടാൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളോടു മികച്ച രീതിയിൽ കേരളം പ്രതികരിച്ചുവെന്നു പറഞ്ഞ കേന്ദ്രമന്ത്രി, പക്ഷേ, സംസ്ഥാനത്തിനു വന്ദേഭാരത് സ്ലീപ്പർ അനുവദിക്കുമോയെന്നു വ്യക്തമാക്കിയില്ല.
100–250 കിലോമീറ്റർ അകലത്തിലുള്ള 2 നഗരങ്ങൾ ബന്ധിപ്പിക്കുന്നതിനായി 50 നമോഭാരത് അതിവേഗ ട്രെയിനുകൾ നിർമിക്കാനുള്ള പദ്ധതിക്ക് അംഗീകാരമായിട്ടുണ്ട്. എസി, നോൺ എസികളിലായി 16 കോച്ചുകളാണ് ഒരു ട്രെയിനിലുണ്ടാകുക.
സംസ്ഥാന സർക്കാരുകൾ താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ കൊങ്കൺ റെയിൽവേ–ഇന്ത്യൻ റെയിൽവേ ലയന നടപടികൾ എവിടെയുമെത്തിയിട്ടില്ല. 5 വർഷത്തിനിടെ ഇന്ത്യയിലെ പഴയ റെയിൽട്രാക്കുകളെല്ലാം മാറ്റും. 14,000 പുതിയ നോൺ എസി കോച്ചുകൾ നിർമിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിന് വർധന 31 കോടി മാത്രം
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവേ വിഹിതത്തിൽ നാമമാത്രമായ വർധന. ഇത്തവണ ബജറ്റിൽ കേരളത്തിന്റെ റെയിൽവേ വികസനത്തിനു നീക്കിവച്ചത് 3042 കോടി രൂപ. കഴിഞ്ഞവർഷം ഇത് 3011 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് നിലവിൽ 15,742 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അമൃത് പദ്ധതിയിൽ 35 സ്റ്റേഷനുകൾ നവീകരിച്ചു.
തിരുവനന്തപുരം–നാഗർകോവിൽ സെക്‌ഷനിലെ പരമാവധി വേഗം 80ൽ നിന്നു 100 ആയി ഉയർത്തും. ബെംഗളൂരു–എറണാകുളം വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ ആവശ്യങ്ങൾ റെയിൽവേയുടെ മുന്നിലുണ്ട്. സ്റ്റേഷൻ നവീകരണ പദ്ധതികളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. നമോഭാരത് ട്രെയിനുകളും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും പുറത്തിറങ്ങുന്ന മുറയ്ക്കു കേരളത്തിന് ലഭ്യമാകും.
ഡോ.മനീഷ് ധപ്‌ല്യാൽ, ഡിവിഷനൽ റെയിൽവേ മാനേജർ
ത്രികക്ഷി കരാർ: നിലപാട് അറിയിക്കുന്നതിൽ വീഴ്ച
തിരുവനന്തപുരം ∙ അങ്കമാലി–എരുമേലി ശബരി പാതയ്ക്ക് ത്രികക്ഷി കരാറിൽ ഒപ്പിടാൻ തയാറല്ലെന്നു കേരളം നേരത്തേ തീരുമാനിച്ചെങ്കിലും അതു കേന്ദ്രത്തെ അറിയിക്കുന്നതിൽ വീഴ്ച. ത്രികക്ഷി കരാറിനില്ലെന്നും വായ്പപരിധിയിൽ ഇളവ് നൽകിയാൽ കിഫ്ബി വഴി പദ്ധതിയുടെ പകുതി ചെലവു വഹിക്കാമെന്നുമാണു കേരളത്തിന്റെ നിലപാട്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യം അറിയിച്ച് റെയിൽവേ മന്ത്രാലയത്തിനു കത്ത് അയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് തയാറായിട്ടില്ല. കേരളം മുൻഗണന നൽകുന്നത് അങ്കമാലി–എരുമേലി പാത നടപ്പാക്കാനാണെന്നു പ്രഖ്യാപിച്ച ശേഷമാണു കേരളത്തിന്റെ പിന്മാറ്റം.