ഓണറേറിയം, വിരമിക്കൽ ആനുകൂല്യം; പ്രഖ്യാപനമില്ലെങ്കിൽ സമരം തുടരുമെന്ന് ആശമാർ

Mail This Article
തിരുവനന്തപുരം ∙ മന്ത്രി വീണാ ജോർജ് ഇന്നു നടത്തുന്ന ചർച്ചയിൽ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യ പ്രഖ്യാപിക്കലും ഉണ്ടായില്ലെങ്കിൽ സമരം തുടരാൻ ആശാ വർക്കർമാർ. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഉയർത്തിയ ആവശ്യങ്ങൾക്കു ഫലം കാണാതെ സമരം പിൻവലിക്കില്ലെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി വ്യക്തമാക്കി.
ഓണറേറിയം 21,000 രൂപയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയും വേണമെന്നാണു സമരസമിതിയുടെ ആവശ്യം. ഇതിൽ കേന്ദ്രീകരിച്ചുള്ള ചർച്ച ആയിരിക്കും അസോസിയേഷൻ ആവശ്യപ്പെടുക. ആശമാരെ സ്കീം വർക്കേഴ്സ് കാറ്റഗറിയിൽനിന്ന് ഒഴിവാക്കി ജീവനക്കാരായി അംഗീകരിക്കണമെന്നാണ് ഐഎൻടിയുസിയുടെയും സിഐടിയുവിന്റെയും നിലപാട്. സ്കീം വർക്കേഴ്സ് വിഭാഗത്തിൽനിന്ന് ഒഴിവാക്കണമെങ്കിൽ കേന്ദ്ര സർക്കാർ തീരുമാനിക്കണം. അതിന് ഒട്ടേറെ നടപടിക്രമങ്ങൾ ഉണ്ട്. ഇതിന് ഏറെ സമയം വേണ്ടതിനാൽ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും വേണമെന്നാണു സമരക്കാരുടെ ആവശ്യം.
ഐഎൻടിയുസിയുടെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിക്കാനുള്ള ഫോർമുല ആശാ വർക്കർമാരുടെ കാര്യത്തിലും സാധ്യമാകുമോയെന്നാണു സർക്കാരിന്റെ ആലോചന. പ്രശ്നങ്ങൾ പഠിക്കാൻ 10 ദിവസത്തിനകം കമ്മിറ്റിയെ നിയോഗിക്കാമെന്നും ഈ കമ്മിറ്റി 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിച്ചശേഷം ചർച്ചകൾ നടത്താമെന്നു മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വീണാ ജോർജും നൽകിയ ഉറപ്പിലാണു സമരം പിൻവലിച്ചത്.
ചർച്ചയിൽ പ്രതീക്ഷ: സദാനന്ദൻ
∙ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ പറഞ്ഞു. കഴിഞ്ഞ ചർച്ചകളിൽനിന്നു വ്യത്യസ്തമായി സംഘടന ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായാൽ 52 ദിവസമായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കും. ഓണറേറിയം വർധിപ്പിക്കേണ്ടതും വിരമിക്കൽ ആനുകൂല്യം നൽകേണ്ടതും സംസ്ഥാന സർക്കാരാണ്. ഇൻസെന്റീവ് വർധിപ്പിക്കേണ്ടത് കേന്ദ്രവും. ഇക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
രാപകൽ സമരം 52 ദിവസം പിന്നിട്ടു
∙ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാർ നടത്തിവരുന്ന രാപകൽ സമരം 52-ാം ദിവസം പിന്നിടുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, വി.എം.സുധീരൻ തുടങ്ങിയവർ എത്തി. നിരാഹാര സമരത്തിന്റെ 14-ാം ദിവസമായ ഇന്നലെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം തത്ത ഗോപിനാഥ്, ആശ വർക്കർമാരായ ബി.ബിന്ദു, ഡി.എൽ.താര എന്നിവർ നിരാഹാര സമരം തുടരുകയാണ്.
8 ദിവസം സമരം തുടർന്ന എസ്.എസ്.അനിതകുമാരിയെ ആരോഗ്യനില മോശമായതോടെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാർക്ക് പിന്തുണയുമായി യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാർ സമരപ്പന്തലിൽ എത്തി.