ഫെമ ലംഘനം: ഗോകുലം ഗ്രൂപ്പിനെതിരെ ഇ.ഡി കേസ്

Mail This Article
കൊച്ചി/ചെന്നൈ ∙ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ച് 592 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചെന്ന കേസിൽ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമനടപടി തുടങ്ങി. ചിട്ടി ഫണ്ട് പദ്ധതിയുടെ സബ്സ്ക്രിപ്ഷൻ എന്ന പേരിൽ ചട്ടം ലംഘിച്ച് വിദേശ ഇന്ത്യക്കാരിൽനിന്നു പണം കൈപ്പറ്റിയെന്നാണ് ആരോപണം.
-
Also Read
കടൽ മണൽ ഖനനം വേണ്ടെന്ന് സിപിഎം
കോഴിക്കോടും ചെന്നൈയിലും നാലിടങ്ങളിൽ 2 ദിവസം നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയും ഫെമ നിയമം ലംഘിച്ചതിനു തെളിവായ രേഖകളും പിടിച്ചെടുത്തു. ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം.
പ്രമുഖ വ്യവസായിയും ‘എമ്പുരാൻ’സഹനിർമാതാവുമായ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പിൽ വെള്ളിയാഴ്ച രാവിലെയാണ് ഇ.ഡി പരിശോധന തുടങ്ങിയത്. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോർപറേറ്റ് ഓഫിസിലും ഗോകുലം മാളിലുമായിരുന്നു പരിശോധന.
കോടമ്പാക്കത്തെ റെയ്ഡ് ഇന്നലെ രാവിലെയാണ് അവസാനിച്ചത്. ഗോകുലം ഗോപാലനെ ചെന്നൈയിൽ വിളിച്ചുവരുത്തി 7 മണിക്കൂർ മൊഴിയെടുത്തു. സിനിമാനിർമാണം അടക്കമുള്ള സാമ്പത്തിക ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
പൃഥ്വിരാജിനോട് പ്രതിഫലക്കണക്ക് ചോദിച്ച് ആദായനികുതി വകുപ്പ്
കൊച്ചി ∙ പൃഥ്വിരാജ് 2022ൽ അഭിനയിച്ച 3 സിനിമകളുടെ പ്രതിഫലത്തിന്റെ വിശദാംശങ്ങൾ ആദായനികുതി വകുപ്പ് ആരാഞ്ഞു. കടുവ, ഗോൾഡ്, ജനഗണമന എന്നിവയിൽ അഭിനയിച്ചതിനു ലഭിച്ച പ്രതിഫലത്തിന്റെ കണക്കു ചോദിച്ചാണു നോട്ടിസ് അയച്ചത്. 2022ൽ കണക്കുകൾ പരിശോധിച്ചപ്പോൾ ഈ സിനിമകളിൽ പ്രതിഫലം വാങ്ങിയില്ലെന്നാണു പൃഥ്വിരാജ് പറഞ്ഞത്. ഇക്കാലയളവിൽ 40 കോടി രൂപ പൃഥ്വിരാജിന്റെ കമ്പനിയിലേക്കു വന്നതിന്റെ ഉറവിടം വെളിപ്പെടുത്തിയിരുന്നില്ല. ‘എമ്പുരാൻ’ റിലീസിനു മുൻപാണു നോട്ടിസ് അയച്ചത്.