ക്ഷണം സ്വീകരിച്ചു; റാഞ്ചിയിൽ നാടോടി നൃത്തമാടി രാഹുൽ ഗാന്ധി- വിഡിയോ

Mail This Article
റാഞ്ചി∙ ജാർഖണ്ഡ് സന്ദർശനവേളയിൽ ജനങ്ങൾക്കൊപ്പം നാടോടി നൃത്തത്തിനു ചുവടുവച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ശനിയാഴ്ച റാഞ്ചിയിലായിരുന്നു നാടോടി നൃത്തത്തില്‍ പങ്കെടുത്തു രാഹുൽ ജനങ്ങളുടെ കയ്യടി നേടിയത്. രാഹുലിനു മുന്നിൽ പ്രകടനം നടത്തുന്നതിനിടെ കലാകാരൻമാർ തങ്ങൾക്കൊപ്പം ചേരാൻ കോൺഗ്രസ് അധ്യക്ഷനെയും ക്ഷണിക്കുകയായിരുന്നു.
ക്ഷണം സ്വീകരിച്ച രാഹുലും മറ്റു കോൺഗ്രസ് നേതാക്കളും നൃത്തത്തില്‍ പങ്കെടുത്തു ചുവടു വച്ചു. എഐസിസിയാണു നൃത്തത്തിന്റെ വിഡിയോ പുറത്തുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള റാലിയിലും രാഹുൽ സംസാരിച്ചു. പ്രതിപക്ഷ മഹാസഖ്യത്തിന്റെ നേതാക്കളും ജാർഖണ്ഡിൽ രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമാണ് റാഞ്ചിയിൽ കോൺഗ്രസ് അധ്യക്ഷൻ ഉയര്‍ത്തിയത്. വ്യോമസേന രാജ്യത്തെ സംരക്ഷിച്ചു, എന്നാല്‍ വ്യോമസേനയുടെ 30,000 കോടി മോദി അംബാനിക്കു നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യവസായികളുടെ 3.5 ലക്ഷം കോടി എഴുത്തിത്തള്ളിയ മോദി കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ഒന്നും ചെയ്തില്ല. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്കു മിനിമം വേതനം ഉറപ്പുവരുത്തുമെന്നും രാഹുല്‍ റാഞ്ചിയില്‍ പറഞ്ഞു.
English Summary: Rahul Gandhi performs folk dance with locals