കേരള ഫീഡ്സും മിൽമ ഫീഡ്സും നഷ്ടത്തിൽ; പാൽവില കൂട്ടണമെന്ന് കർഷകർ

Mail This Article
കൊച്ചി ∙ അസംസ്കൃത സാധനങ്ങൾക്കു വില വർധിച്ചതിനാൽ കാലിത്തീറ്റ വില കൂടി. ഇതോടെ കേരള ഫീഡ്സ് 72 കോടി രൂപ നഷ്ടത്തിലായി. മിൽമയുടെ കാലിത്തീറ്റ വിഭാഗവും നഷ്‍ടം നേരിടുന്നു. ഉൽപാദനച്ചെലവ് കൂടിയതിനാൽ പാൽവില കൂട്ടാൻ ആവശ്യപ്പെടുകയാണു കർഷകർ. കേന്ദ്ര സർക്കാർ രാഷ്ട്രീയ ഗോകുൽ മിഷൻ ആരംഭിച്ചതോടെ ഉത്തരേന്ത്യയിൽ കാലിത്തീറ്റയ്ക്കു പ്രിയമേറിയതാണു കേരളത്തെ ബാധിച്ചത്.
കാലിത്തീറ്റ സൗജന്യമായി നൽകാൻ പദ്ധതി വന്നതോടെ തീറ്റ ഉൽപാദകരുടെ എണ്ണവും കൂടി. സ്വാഭാവികമായും അസംസ്കൃത ഉൽപന്നങ്ങൾക്ക് ആവശ്യവും വിലയും കൂടി. ഒരു കിലോ ചോളം 11 രൂപയുണ്ടായിരുന്നത് ഇപ്പോൾ 23 രൂപയാണ്. തേങ്ങാ പിണ്ണാക്ക്, പരുത്തി പിണ്ണാക്ക്, കടുകിൻ പിണ്ണാക്ക്, തവിട് തുടങ്ങിയവയ്ക്കും വിലയിൽ 40% മുതൽ 65% വരെ വില കൂടി. ഇത്തരം അസംസ്കൃത വസ്തുക്കൾ കേരളത്തിൽ ലഭ്യവുമല്ല.
കാലിത്തീറ്റയുണ്ടാക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിന് (കെഎഫ്എൽ) സബ്സിഡിയോ ഗ്രാൻഡോ ലഭിക്കുന്നില്ല. മിൽമയുടെ ഫീഡ്സ് വിഭാഗത്തിന് 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡി നൽകാറുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി മോശമായപ്പോൾ മിൽമ ദക്ഷിണമേഖലാ യൂണിയൻ അതു നിർത്തലാക്കി.
കർഷകരെ സംബന്ധിച്ചിടത്തോളം കാലിത്തീറ്റ വിലവർധനയ്ക്കു പുറമേ സബ്സിഡി നിർത്തിയതും ഇരുട്ടടിയായി. ചുരുക്കത്തിൽ പാലുൽപാദനം നഷ്ടമായി. കേരളത്തിൽ കാലിത്തീറ്റ കൊടുക്കാതെ പശുവിനെ വളർത്താൻ കഴിയില്ല. തമിഴ്നാട്ടിൽ പുല്ലുമേയാൻ സ്ഥലവും ചോളവും വൈക്കോലും ഉൾപ്പടെ കാർഷിക വേസ്റ്റും ലഭ്യമാണെന്നതിനാൽ പാൽ ഉൽപാദന ചെലവു കുറവാണ്.
കേരള ഫീഡ്സ് കാലിത്തീറ്റ ചാക്കിന് 1045 രൂപയാണ് കുറഞ്ഞ വില. സ്വകാര്യ മേഖലയിൽ ഇതിലും 50 രൂപ കൂടുതലാണ്. 1095 രൂപ. വിലകുറച്ചു വിൽക്കുന്നതിനാൽ കേരള ഫീഡ്സ് കഴിഞ്ഞ സാമ്പത്തിക വർഷം 10 കോടി നഷ്ടം നേരിട്ടു. 2015–16 മുതലുള്ള സഞ്ചിത നഷ്ടം കണക്കാക്കിയാൽ ആകെ 72 കോടി നഷ്ടത്തിൽ പൂട്ടാമെന്ന സ്ഥിതിയിലാണ് കേരള ഫീഡ്സ്. മാസം 20,000 ടൺ കാലിത്തീറ്റയാണ് ഉൽപാദനം. സ്വകാര്യമേഖല അതിലേറെ ഉൽപാദിപ്പിക്കുന്നു.
നിലവിൽ മിൽമ കർഷകർക്കു പാൽ അളക്കുന്നതു ലീറ്ററിനു ശരാശരി 34 രൂപ 40 പൈസ നൽകിയാണ്. അതു വർധിപ്പിക്കണമെന്ന് ആവശ്യമുണ്ട്. വിപണിയിൽ മിൽമ പാൽ വില ലീറ്ററിന് 42 രൂപയാണ്. എന്നാൽ തമിഴ്നാട്ടിൽ ലീറ്ററിന് 22–23 രൂപ മൊത്ത വിലയ്ക്കു പാൽ വാങ്ങി കേരളത്തിൽ കൊണ്ടു വന്ന് ലീറ്ററിന് 42 രൂപയ്ക്കു വിൽക്കുന്നുണ്ട്. വൻ ലാഭമായതിനാൽ പാൽ ഏജന്റുമാർക്കു കമ്മിഷനും കൂടുതൽ കൊടുക്കുന്നു. ഇവിടെ വില കൂട്ടിയാൽ തമിഴ്നാട് പാൽ വിപണിയിൽ കൂടുതലായെത്തും.