ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളുടെ പുതിയ ഭൂപടം പുറത്തുവിട്ട് സർവേ ജനറൽ ഓഫ് ഇന്ത്യ. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ 22 ജില്ലകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാക്ക് അധിനിവേശ കശ്മീരിലെ മിർപൂർ, മുസഫറാബാദ് എന്നീ ജില്ലകളും ഭൂപടത്തിലുണ്ട്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ഭൂപടത്തിൽ ഗിൽജിത്, ഗിൽജിത് വസാറത്ത്, ചിലാസ്, ഗോത്ര മേഖല, ലേ, ലഡാക്ക് എന്നീ ജില്ലകളാണുള്ളത്.

ജമ്മു കശ്മീരിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ– കഠ്‍വ, സാംബ, ഉധംപൂര്‍, ദോഡ, കിഷ്ത്‍വാര്‍, രജൗരി, റിയാസി, റംബാൻ, പൂഞ്ച്, കുൽഗാം, ഷോപിയാൻ, ശ്രീനഗർ, അനന്ത്നാഗ്, ബുട്ഗാം, പുൽവാമ, ഗണ്ടർബൽ, ബന്ദിപോറ, ബാരാമുല്ല, കുപ്‍വാര, മുർപൂർ, മുസഫറാബാദ്. 1947ലേതു പ്രകാരം സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ 14 ജില്ലകളാണുണ്ടായിരുന്നത്. 2019ൽ ജമ്മു കശ്മീർ സർക്കാർ ഇത് 28 ജില്ലകളാക്കി പരിഷ്കരിച്ചു. കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ പുതിയ ഭൂപടവും സർവേ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കി.

ആദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശമായി മാറ്റുന്നത്. നിലവിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങൾ 9. പുതുച്ചേരിക്കു സമാനമായി ജമ്മു കശ്മീരിന് നിയമനിർമാണ സഭ ഉണ്ടായിരിക്കും. എന്നാൽ ലഡാക്കിന് നിയമനിർമാണ സഭ ഉണ്ടാകില്ല. ലഫ്. ഗവർണര്‍മാരുടെ ഭരണത്തിലാണു നിലവിൽ ജമ്മു കശ്മീരും ലഡാക്കുമുള്ളത്.  ജി.സി. മുർമു ജമ്മു കശ്മീരിന്റെയും ആർ.കെ. മാഥുർ ലഡാക്കിന്റെയും ലഫ്. ഗവർണറാണ്. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയത്.

English Summary: New Map Of India Shows Union Territories Of Jammu And Kashmir, Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com