ADVERTISEMENT

കാസർകോട് ∙ കോവിഡ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നു കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. കഴിഞ്ഞദിവസം കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചയാളുമായാണ് എംഎൽഎമാരായ എന്‍.എ.നെല്ലിക്കുന്നിനും എം.സി.കമറുദീനും സമ്പര്‍ക്കമുണ്ടായത്. ഇതുവരും സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ആളുകള്‍ ഇപ്പോഴും രോഗത്തെ ഗൗരവമായി കണ്ടിട്ടില്ലെന്നും അതിനാല്‍ എല്ലാവര്‍ക്കും മാതൃകയും പ്രചോദനവും നല്‍കാന്‍ കൂടിയാണു സ്വയം നിന്ത്രണത്തിലായതെന്നും നെല്ലിക്കുന്ന് മനോരമ ന്യൂസിനോടു പറഞ്ഞു.

രോഗിയുടെ ജ്യേഷ്ഠന്റെ മകന്റെ കല്യാണത്തിൽ എൻ.എ.നെല്ലിക്കുന്ന് പങ്കെടുക്കുകയും ഒന്നിച്ചു ഫോട്ടോ എടുക്കുകയും കൈ കൊടുക്കുകയും ചെയ്തു. മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദീൻ ഒരു പൊതുപരിപാടിക്കു പോകുന്നതിനിടെ ഈ രോഗിയുടെ വീടിനു സമീപത്തെത്തിയപ്പോൾ രണ്ടു കുട്ടികൾ കൈകാണിച്ചു. വാഹനം നിർത്തിയ സമയത്ത് ഈ രോഗിയും പുറത്തേക്കിറങ്ങി വരികയും സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്നാണ് ഇരു എംഎൽഎമാരും വീട്ടിൽ സ്വയം നിരീക്ഷണത്തിലായത്.

ജില്ലയിൽ അവസാനം കോവിഡ് ബാധിച്ച രോഗി ഒരു മരണവീട്, ഫുട്ബോൾ മത്സരം, ബന്ധുവിന്റെ കുട്ടിയുടെ തൊട്ടിൽകെട്ടൽ തുടങ്ങി ഒട്ടേറെ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 11ന് പുലർച്ചെ 2.30നു ദുബായിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യ (ഐഎക്സ്344) വിമാനത്തിൽ കയറി രാവിലെ 7.30നാണു കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. അന്നു രാത്രി കോഴിക്കോട് താമസിച്ച ശേഷം പിറ്റേന്നു രാവിലെ കാസർകോട് എത്തി. തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ്‌പ്രസ് ട്രെയിനിലെ എസ്9 കംപാർട്ട്മെന്റിലാണ് ഇയാൾ യാത്ര ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

17നു പരിശോധനയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിലെത്തി. ഇതിനിടയിലുള്ള ദിവസങ്ങളിൽ ഈ രോഗി പല സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. സർക്കാർ നിർദേശങ്ങളൊന്നും പാലിച്ചിട്ടില്ല. എവിടെയാണു വീഴ്ച പറ്റിയതെന്നു പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ ഡി.സജിത് ബാബു പറഞ്ഞു. റൂട്ട് മാപ്പ് തയാറാക്കി വരുന്നു. ദുബായില്‍നിന്ന് എത്തിയ ആള്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ കാസര്‍കോട് അതീവജാഗ്രതയിലാണ്.

ദുബായിലെ നൈഫ് മേഖലയില്‍ നിന്നും ഉംറ കഴിഞ്ഞു സൗദിയില്‍ നിന്നെത്തിയവര്‍ ഉടന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് കുര്‍ബാനയില്‍ നാനൂറോളം പേരെ പങ്കെടുപ്പിച്ച കാസര്‍കോട് രാജപുരം കോളിച്ചാല്‍ ഫൊറോന പള്ളിയിലെ വികാരി ഫാ. തോമസ് പട്ടാകുളം, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ഓരത്ത് എന്നിവര്‍ക്കെതിരെ കേസെടുത്തു.

English Summary: Contact with covid confirmed person; MLAs in home quarantine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com