ADVERTISEMENT

ന്ത്യയിലെ ഏറ്റവും സമ്പന്ന, രാജ്യത്തെ വലിയ മൂന്നാമത്തെ ഐടി കമ്പനിയുടെ ചെയർപഴ്സൻ, ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്ത ഐടി കമ്പനികളിലൊന്നിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിത – അച്ഛൻ ശിവ് നാടാരുടെ പിൻഗാമിയായി എച്ച്സിഎൽ ടെക്നോളജീസിന്റെ നേതൃത്വം ഏറ്റെടുക്കുന്ന റോഷ്നി നാടാർ മൽഹോത്ര എന്ന മുപ്പത്തിയെട്ടുകാരി ഒപ്പംകൂട്ടുന്ന വിശേഷണങ്ങളാണിവ.

വെള്ളിയാഴ്ചയാണ് 8.9 ബില്യൻ യുഎസ് ഡോളർ ആസ്തിയുള്ള എച്ച്സിഎൽ ടെക്നോളജീസ് ചെയർമാൻ സ്ഥാനം ഒഴിയുന്നതായി ശിവ് നാടാർ പ്രഖ്യാപിച്ചത്. ഏക മകൾ റോഷ്നി സ്ഥാനം ഏറ്റെടുക്കുമെന്നും എഴുപത്തിയഞ്ചുകാരനായ ശിവ് നാടാർ അറിയിച്ചു.

റോഷ്നി, ആസ്തി 36,800 കോടി

എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാറിന്റെയും കിരൺ നാടാറുടെയും മകളായി 1982ൽ ന്യൂഡൽഹിയിൽ ജനിച്ച റോഷ്നി ഡൽഹിയിലെ വസന്ത് വാലി സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അമേരിക്കയിലെ ഇല്ലിനോയി നോർത്ത് വെസ്റ്റേൺ സർവകലാശാലയിൽനിന്ന് ബിരുദം നേടി. കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

2019 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏറ്റവുമധികം സമ്പാദ്യമുള്ള വനിതയാണ് റോഷ്നി നാടാർ മൽഹോത്ര. 36,800 കോടി രൂപയുടെ ആസ്തിയാണ് റോഷ്നിക്കുള്ളതെന്ന് സമ്പന്നരുടെ പട്ടിക തയാറാക്കുന്ന ‘ഹുറൂൺ’ വ്യക്തമാക്കുന്നു. റോഷ്നിയുടെ അമ്മ കിരൺ നാടാറും രാജ്യത്തെ സമ്പന്ന വനിതകളിലൊരാളാണ്, ആസ്തി 25,100 കോടി.

2019 ൽ ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ 54ാം സ്ഥാനത്തായിരുന്നു റോഷ്നി. 2017, 2018, 2019 വർഷങ്ങളിൽ ഫോബ്‌സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലും റോഷ്നി ഇടം നേടി. സ്കൈ ന്യൂസ് യുകെ, സിഎൻഎൻ അമേരിക്ക തുടങ്ങിയ രാജ്യാന്തര ടിവി ചാനലുകളിൽ ന്യൂസ് പ്രൊഡ്യൂസറായി ജോലി നോക്കിയ ശേഷമാണ് എച്ച്സിഎല്ലിലേക്ക് റോഷ്നി എത്തിയത്.

2009 ലാണ് എച്ച്സിഎൽ കോർപ്പറേഷന്റെ ബോർഡംഗമായ റോഷ്നി ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി. 2013 ൽ സിഇഒ സ്ഥാനവും റോഷ്നിയെ തേടിയെത്തി. എച്ച്സിഎല്ലിന്റെ തലപ്പത്തേക്ക് റോഷ്നി എത്തുമെന്നു നേരത്തെ തന്നെ ശിവ് നാടാർ വ്യക്തമാക്കിയിരുന്നു. 2010ൽ എച്ച്സിഎൽ ഹെൽത്കെയർ വൈസ് ചെയർമാൻ ശിഖർ മൽഹോത്രയെ വിവാഹം ചെയ്തു. അർമാൻ, ജഹാൻ എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത്.

സംഗീതം, ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും

ബിസിനസ് തിരക്കുകളിലും പ്രകൃതി സംരക്ഷണത്തിനും സേവന പ്രവർത്തനങ്ങൾക്കും മുന്നിൽ തന്നെയുണ്ട് റോഷ്നി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പഠനത്തിൽ മികവു പുലർത്തുന്നവരുമായ ഗ്രാമീണ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന വിദ്യാഗ്യാൻ ലീഡർഷിപ് അക്കാദമി ചെയർപഴ്‌സൻ കൂടിയാണ് റോഷ്നി. വന്യമൃഗ സംരക്ഷണത്തിൽ തൽപരയായ റോഷ്‌നി ഇന്ത്യയുടെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെയും അതിന്റെ തനത് ജീവികളെയും സംരക്ഷിക്കുന്നതിനായി 2018ൽ ‘ദ് ഹാബിറ്റാറ്റ്സ്’ എന്ന ട്രസ്റ്റ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.

സംഗീതത്തെ ഏറെ പ്രണയിക്കുന്ന റോഷ്നി മികച്ച ക്ലാസിക്കൽ സംഗീതജ്ഞ കൂടിയാണ്. ബിസിനസ്സിലെയും ജീവകാരുണ്യ പ്രവർത്തനത്തിലെയും മികച്ച സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചു. 89,​200 കോടി രൂപ ആസ്‌തിയുമായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സമ്പന്നനാണ് ശിവ് നാടാർ. പിന്നിട്ട രണ്ടു വർഷവും രണ്ടക്കത്തിൽ കൂടുതൽ വളർച്ചയാണ് എച്ച്സിഎൽ കോർപ്പറേഷന് ഉണ്ടായത്. എച്ച്സിഎൽ ടെക്നോളജീസ്, എച്ച്സിഎൽ ഇൻഫോസിസ്റ്റം, എച്ച്സിഎൽ ഹെൽത്കെയർ എന്നിവയാണ് എച്ച്സിഎൽ കോർപറേഷന്റെ കമ്പനികൾ.

വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം മുൻവർഷത്തേക്കാൾ 32 ശതമാനം വർധനയോടെ 2,925 കോടി രൂപയാണ് നോയിഡ ആസ്ഥാനമായ കമ്പനി ലാഭം കൊയ്തത്. കോവിഡ് പ്രതിസന്ധിക്കിടയിലും 2020 ജൂൺ സാമ്പത്തിക പാദത്തിൽ 31.7 ശതമാനം വർധനയാണ് ലാഭത്തിൽ കമ്പനി രേഖപ്പെടുത്തിയത്. ഇത്തരത്തിൽ വലിയ നേട്ടം കൈവരിച്ച അവസരത്തിലാണ് എച്ച്സിഎൽ ചെയർപഴ്സൻ സ്ഥാനത്തേക്ക് റോഷ്നി എത്തുന്നത്. വളർച്ചയുടെ കൊടുമുടിയിൽ നിൽക്കുന്ന സ്ഥാപനത്തിന്റെ നായികാ സ്ഥാനം ഏറ്റെടുക്കുമ്പോൾ അത് നിലനിർത്തുക എന്ന വലിയ വെല്ലുവിളിയാണ് റോഷ്നിക്കു മുന്നിൽ.

Englsih Summary :Who is Roshni Nadar, the first woman to head a listed Indian IT firm?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com