സിനിമ, സീരിയൽ നടി പുഷ്കല അന്തരിച്ചു

Mail This Article
ആലപ്പുഴ∙ പ്രശസ്ത സിനിമ, സീരിയൽ, നാടക നടി ആലപ്പുഴ കളപ്പുര അശ്വതിയിൽ പുഷ്കല (61) അന്തരിച്ചു. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ്. ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിൽ നിന്നു രക്ഷപ്പെടാനാണ് ഹരിപ്പാട് കരുവാറ്റ എഴുത്തുകാരൻ വീട്ടിൽ വാസുപിള്ളയുടെ മകൾ പുഷ്കല 46 വർഷം മുൻപ്, 14–ാം വയസ്സിൽ വേലുത്തമ്പി ദളവ എന്ന നൃത്തനാടകത്തിലൂടെ അഭിനയ രംഗത്തെത്തിയത്.

1978 ൽ ആലപ്പുഴ അശ്വതി തീയറ്റേഴ്സിന്റെ അഗ്നിവർഷത്തിൽ അഭിനയിക്കാനെത്തിയ പുഷ്കല അതിന്റെ ഉടമയും പ്രശസ്ത നാടക, സിനിമ, സീരിയൽ നടനുമായ വി.ഡി.ശിവാനന്ദനെ 1981 ൽ വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയത്തിൽ നിന്നു താൽക്കാലികമായി പിന്മാറിയ പുഷ്കല 1985 ൽ എസ്എൽ പുരം സദാനന്ദന്റെ സൂര്യസോമയുടെ ഉത്തിഷ്ഠത ജാഗ്രതയിൽ ശിവാനന്ദന്റെ നായികയായി വേദിയിൽ തിരിച്ചെത്തി. ഏതാനും വർഷം മുൻപ് രോഗബാധിതയായതോടെയാണ് അഭിനയം നിർത്തേണ്ടി വന്നത്.
ഞങ്ങൾ സന്തുഷ്‌ടരാണ്, എന്നും സംഭവാമി യുഗേയുഗേ, കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, മുത്തുവിന്റെ സ്വപ്‌നവും മീരയുടെ ദുഃഖവും, കാശി, ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ, കനൽക്കിരീടം, കായംകുളം കണാരൻ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ വലതും ചെറുതുമായ വേഷങ്ങൾ പുഷ്‌കല ചെയ്‌തു. സ്‌നേഹക്കൂട് എന്ന സീരിയലിൽ പുഷ്‌കലയും ശിവാനന്ദനും ഭാര്യാഭർത്താക്കന്മാരായിത്തന്നെ അഭിനയിച്ചു. ഹ്രസ്വചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും നിറഞ്ഞുനിൽക്കുമ്പോഴായിരുന്നു പുഷ്‌കലയെ രോഗം തളർത്തിയത്. മക്കൾ: സേതുലക്ഷ്‌മി, ശ്രീലക്ഷ്‌മി
English Summary: Actress Pushkala passes away