ADVERTISEMENT

ഇതൊരു അദ്ഭുത കഥയാണ്, ഒരു കണ്ടുപിടിത്തത്തിന്റെ കഥ. 17 വയസ്സ് മാത്രമുള്ള മൂന്നു സൃഹൃത്തുക്കൾ ചേർന്ന് കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഒരു ‘സ്പെഷൽ ഗെയിം’ കണ്ടുപിടിച്ച കഥ. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന യശോവർധൻ കോത്താരി, ദേവ് കപാഷി, ധ്രുവ് ജാവേരി എന്നീ മുംബൈ സ്വദേശികളാണ് കഥയിലെ താരങ്ങൾ.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇവരുടെ മനസ്സില്‍ ഗെയിമിന്റെ ആശയം മിന്നിക്കത്തുന്നത്. ധ്രുവിന്റെ സഹോദരൻ മോക്ഷ കാഴ്ചയ്ക്ക് വെല്ലുവിളി  നേരിടുന്ന കുട്ടിയായിരുന്നു. മൂവരുമൊത്ത് മോക്ഷ കളിക്കുമ്പോൾ അവന് ബുദ്ധിമുട്ട് നേരിടുന്നതായി അവർ മനസ്സിലാക്കി.   

അപ്പോഴാണ് അവനും അവനെപ്പോലെയുള്ള ഒട്ടേറെ കൂട്ടുകാർക്കും കളിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു ഗെയിം സൃഷ്ടിക്കുക എന്ന ആശയം അവരുടെ മനസ്സിലുദിക്കുന്നത്. പിന്നീട്, അതെങ്ങനെ സാധ്യമാക്കാമെന്ന ചിന്തയായി. കൂടുതൽ അന്വേഷണത്തിൽ, ഇന്ത്യയിൽ കാഴ്ചയില്ലാത്ത കുട്ടികൾക്ക് അത്തരം ഗെയിമുകൾ ലഭ്യമല്ലെന്ന് അവർ മനസ്സിലാക്കി. ചില വിദേശ ഗെയിമുകൾ ഉണ്ടായിരുന്നെങ്കിലും അവ ഉപയോഗിക്കാൻ അത്ര എളുപ്പമല്ല; വിലക്കൂടുതലും. അതിനാൽ കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്ന രാജ്യത്തെ മറ്റു കുട്ടികൾക്കും പുതിയ ഗെയിം എന്ന ആശയം ഉപകാരപ്പെടുമെന്നും മൂവർസസംഘത്തിന് മനസ്സിലായി. ഗെയിം കണ്ടെത്താനുള്ള അവരുടെ അഭിനിവേശത്തിന് ഒരു പുതിയ ദിശാബോധം ഉണ്ടാക്കി ഈ ചിന്ത.

1200-game
ഗെയിം കളിക്കുന്ന കുട്ടികൾ. ഉൾച്ചിത്രം: വിഷൻ ബിയോണ്ട് ഗെയിം ഉപകരണം.

എന്തു തരം ഗെയിം ഉണ്ടാക്കിയെടുക്കണം എന്ന ഗവേഷണമായി പിന്നീട്. നിലവിലുള്ള ഒട്ടേറെ ഗെയിമുകൾ കണ്ടു. കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്ന കുട്ടികളുമായി ചർച്ച നടത്തി. അവരുടെ സ്കൂളുകളിൽ പോയി, ഗെയിമുകൾ കളിക്കുമ്പോൾ അവർ നേരിടുന്ന പ്രശ്‌നങ്ങൾ നേരിട്ടു മനസ്സിലാക്കി. ഗെയിം രൂപകൽപന ചെയ്യാനുള്ള തയാറെടുപ്പിലായി പിന്നീട്. ഒരു മേശപ്പുറത്തു വയ്ക്കാവുന്ന ഇലക്‌ട്രോണിക് ഉപകരണമായിരുന്നു മൂവരുടെയും മനസ്സിൽ. ചോദ്യങ്ങൾ ചോദിക്കുന്ന ഉപകരണം, കളിക്കുന്നവർ ഉത്തരം നൽകണം. കോൻ ബനേഗാ ക്രോർപതി പോലെയുള്ള ഒന്ന്. 

ആശയം റെഡി, പിന്നീട് ഇത് നിർമിക്കാനുള്ള പ്രവർത്തനങ്ങളായി. ഉപകരണത്തിന്റെ രൂപകൽപന നടത്തി. പ്രോഗ്രാമിങ് ഭാഷയായ പൈത്തൺ ഉപയോഗിച്ച് കോഡിങ് ചെയ്തു. 3ഡി പ്രിന്റ് ചെയ്ത് മൊഡ്യൂളുകളായി ഉപകരണവും ഉണ്ടാക്കിയെടുത്തു. ഉപകരണത്തിൽ ശബ്‌ദം സന്നിവേശിപ്പിച്ചു. ഗെയിം ഏതാണ്ട് പ്രവർത്തിപ്പിക്കാമെന്ന ഘട്ടമായി. ഒട്ടേറെ പരീക്ഷണങ്ങള്‍ക്കും അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനത്തിനും ഒടുവിൽ ഗെയിം യാഥാർഥ്യമായി. 

‘വിഷൻ ബിയോണ്ട്’ എന്നു പേരിട്ട ക്വിസ് ഗെയിമിന് അങ്ങനെ തുടക്കമായി. കഴിഞ്ഞ ഒന്നര വർഷമായി ഇവർ ഗെയിം പൂർണസജ്ജമാക്കാനുള്ള തിരക്കിലാണ്. ‘കാഴ്ചയുള്ള കുട്ടികൾക്കും പ്രായമായവർക്കു പോലും എളുപ്പത്തിൽ കളിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തന രീതി’ – ധ്രുവ് ജാവേരി പറയുന്നു. മറ്റു ഗെയിമുകളെപ്പോലെ സങ്കീർണമായ സംവിധാനങ്ങളോ അമിത വിലയോ ഇതിനില്ലെന്ന് ദേവ് കപാഷി പറയുന്നു. ‘മൂന്ന് കാര്യങ്ങളിലാണ് ഞങ്ങൾ ശ്രദ്ധ ചെലുത്തിയത്. ഒന്ന് വലുപ്പം, മറ്റൊന്ന് വില, മൂന്നാമത്തേത് ഉപയോഗിക്കുന്നതിലെ എളുപ്പം. അങ്ങനെയാണ് ഒട്ടും സങ്കീർണമല്ലാത്ത വളരെ രസകരമായ ഒരു ഗെയിം സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത്.’

ഗെയിം തയാർ, അടുത്തത്? 

‘‌ഈ ഗെയിം കഴിയുന്നത്ര കുട്ടികളിലേക്ക് എത്തിക്കാനാണ് ഞങ്ങളുടെ അടുത്ത ശ്രമം’ – മൂവരും ഒരേ സ്വരത്തിൽ പ‌റയുന്നു. ‘ഇത് വിപണിയിൽ ലഭ്യമാക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്യണം. കാഴ്ചയില്ലാത്തവർക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഗെയിം സംഭാവന ചെയ്യുന്നതും ഞങ്ങൾ പരിഗണിക്കുന്നുണ്ട്.’ രാജ്യത്ത് കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്ന ഒട്ടേറെ കൂട്ടുകാരിൽ ഈ ഗെയിം എത്തിയെന്ന് ഉറപ്പാക്കുമെന്നും ഇവർ പറയുന്നു. 

എന്താണ് ‘വിഷൻ ബിയോണ്ട്’

∙ കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്നവർക്കുള്ള ഒരു ക്വിസ് ഗെയിമാണ് ‘വിഷൻ ബിയോണ്ട്’.
∙ ഒരു സമയം നാലു പേർക്കോ രണ്ടു പേർക്കോ ഒരാൾക്കു തനിച്ചോ ഈ ഗെയിം കളിക്കാം.
∙ ക്വിസിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും കളിയുടെ കാഠിന്യം ഏറും; അതിനനുസരിച്ച് പോയിന്റുകളും കൂടും.
∙ കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്ന എല്ലാവര്‍ക്കും രാജ്യത്ത് ബ്രെയ്‌ലി ലിപി അറിയില്ല. അതിനാൽ, ബ്രെയ്‌ലി അറിയാത്തവർക്ക് പോലും കളിക്കാൻ കഴിയുന്ന തരത്തിലാണ് ഗെയിമിന്റെ നിർമാണം.

ഗെയിമിനെപ്പറ്റി കൂടുതൽ അറിയാൻ: http://visionbeyond.org.in

യശോവർധൻ, ധ്രുവ്, ദേവ് കപാഷി എന്നിവരെ ബന്ധപ്പെടാം:
Yashokothari@gmail.com, dhruvsjhaveri@gmail.com, devnkapashi@gmail.com

English Summary: Vision Beyond: Three fast friends build a ‘special’ game for visually-challenged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com