അടല്‍ ടണല്‍: സോണിയാ ഗാന്ധി 2010ല്‍ സ്ഥാപിച്ച തറക്കല്ല് നീക്കി: വിവാദം
Mail This Article
ഛണ്ഡിഗഡ്∙ അടല്‍ ടണലിന്റെ നിര്‍മാണ ഉദ്ഘാടന വേളയില്‍ 2010ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സ്ഥാപിച്ച ശില നീക്കം ചെയ്തതു വിവാദമാകുന്നു. കഴിഞ്ഞ ദിവസം ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നതിനു മുന്നോടിയായാണ് സോണിയാ ഗാന്ധി സ്ഥാപിച്ച ശില നീക്കം ചെയ്തതെന്നു ഹിമാചല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇതു സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോഡ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് കത്തയച്ചു.
കാണാതായ തറക്കല്ല് പുനഃസ്ഥാപിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കുല്‍ദീപ് പറഞ്ഞു. ജനാധിപത്യവിരുദ്ധവും കേട്ടുകേള്‍വിയില്ലാത്തതുമായ നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശില കാണാതായതുമായി ബന്ധപ്പെട്ട് രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
2000ല്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ഹിമാചലിലെ റോത്തങ് പാസിനു താഴെ തന്ത്രപ്രധാനമായ ടണല്‍ നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്. വാജ്‌പേയിയുടെ ബഹുമാനാര്‍ഥം ടണലിനു അടല്‍ ടണല്‍ എന്നു നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത് 2019-ല്‍ ആണ്. പതിനായിരം അടി ഉയരത്തിലാണ് 9.03 കിലോമീറ്റര്‍ ദൈര്‍ഘത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ അടല്‍ ടണല്‍ നിര്‍മിച്ചിരിക്കുന്നത്.