6 ദിവസം, ബുറെവിക്കായി 36 ബുള്ളറ്റിനുകൾ; രാമേശ്വരം ചുഴലിയും കേരളത്തെ ‘തൊട്ടില്ല’

Mail This Article
പത്തനംതിട്ട ∙ പ്രവചനങ്ങളെ കടത്തിവെട്ടിയ ബുറെവിക്കായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) 6 ദിവസത്തിനുള്ളിൽ പുറപ്പെടുവിച്ചത് 36 പ്രത്യേക സൈക്ലോൺ കാലാവസ്ഥാ ബുള്ളറ്റിനുകൾ. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും വിവിധ സേനകൾക്കും മറ്റ് ഉന്നതർക്കും നടപടി എടുക്കാനായി പുറപ്പെടുവിക്കുന്ന അതീവ പ്രാധാന്യമുള്ള മുന്നറിയിപ്പാണ് ഇത്.
ചുഴലി ഭീഷണി ഒഴിവായതിനാൽ 30നു പുറപ്പെടുവിച്ചു തുടങ്ങിയ ബുള്ളറ്റിൻ ഐഎംഡി അവസാനിപ്പിച്ചു. എന്നാൽ മഴ സംബന്ധിച്ച് ചെന്നൈ, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിരീക്ഷണം തുടരും. കേരളത്തിന്റെ ഏതു ഭാഗത്തുകൂടി ന്യൂനമർദം അറബിക്കടലിലേക്കു പോകുമെന്നതു വ്യക്തമായിട്ടില്ല.
ചുഴലി പ്രവചനത്തിനു മാത്രം ആർഎസ്എംസി
റീജനൽ സ്പെഷലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്ററിലെ (ആർഎസ്എംസി) ഗവേഷകരാണ് 24 മണിക്കൂറും മാറിമാറി നിരീക്ഷണം നടത്തി ബുള്ളറ്റിൻ പുറപ്പെടുവിക്കുന്നത്. ഇൻസാറ്റ് ഉപഗ്രഹങ്ങളിൽനിന്നു ദിവസവും നാലു മണിക്കൂർ ഇടവിട്ടു ലഭിക്കുന്ന മേഘചിത്രങ്ങളും ചുഴലിസാധ്യതാ വഴിയെ സംബന്ധിച്ച പ്രവചനവും ഉൾപ്പെടെയാണ് അറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മറ്റും ചേർന്ന് ഉചിതമായ മുൻകരുതൽ സ്വീകരിക്കും.
രാമേശ്വരം ചുഴലിയും കേരളത്തെ ബാധിച്ചില്ല
ഓഖിക്കു മുൻപ് ഗജ ചുഴലിയും ഇതുപോലെ ഇടുക്കി ജില്ലയ്ക്കു മുകളിലൂടെ 2018 ൽ അറബിക്കടലിലേക്കു സഞ്ചരിച്ചു. 1964ൽ രാമേശ്വരത്തു വീശിയ സൂപ്പർ സൈക്ലോണും ഇതേ ട്രാക്കിൽ ആയിരുന്നെങ്കിലും കേരളത്തിൽ കാര്യമായ സാന്നിധ്യം അറിയിച്ചിരുന്നില്ല എന്നു ഗവേഷകർ പറയുന്നു. കാലാവസ്ഥാ മാറ്റവും ദക്ഷിണേന്ത്യൻ ചുഴലികളുടെ പുതുവഴികളും ഗവേഷകർക്കു വെല്ലുവിളിയാകുന്നതിന്റെ സൂചന കൂടിയാണിത്.
കണ്ണ് രൂപപ്പെട്ടില്ല; മന്നാറിൽ കടലാഴം കുറവ്
മന്നാർ കടലിടുക്ക് കേവലം 20 അടി മാത്രം ആഴമുള്ള സമുദ്രമേഖലയായതിനാൽ ചുഴലികൾക്ക് നീരാവി വലിച്ചെടുക്കാൻ കഴിയില്ല. എന്നാൽ നടുക്കടലിലായിരുന്നെങ്കിൽ ബുറെവി സൂപ്പർ ചുഴലിയായി ചെന്നൈയിലോ ഒഡിഷയിലേക്കോ കയറുമായിരുന്നു.
ബുറെവി രൂപപ്പെടുന്നതിന് 4 ദിവസം മുൻപ് നിവാർ ചുഴലി കടന്നുപോയതും കടലിന്റെ താപനില കുറച്ചു. സമുദ്രജല താപനില കുറഞ്ഞാൽ ചുഴലികളുടെ ചിറകൊടിയും. അതിനാൽ തന്നെ തീവ്രകേന്ദ്രമായ കണ്ണ് (ഐ) ബുറെവിക്കു രൂപപ്പെട്ടില്ല.
English Summary : Eventhough 36 cyclonic bulletins released, burevi overcomes predictions