കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഫാറൂഖ് അബ്ദുല്ലയുടെ 12 കോടി സ്വത്ത് കണ്ടുകെട്ടി
Mail This Article
ന്യൂഡൽഹി ∙ ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയുടെ 11.86 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൃത്തങ്ങൾ അറിയിച്ചു. 2002-11 കാലയളവിൽ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് 2018ൽ ഫാറൂഖ് അബ്ദുല്ലയ്‌ക്കും മറ്റു മൂന്നു പേർക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താൽക്കാലിക കണ്ടുകെട്ടൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ സ്വത്തുക്കളാണു കണ്ടുകെട്ടിയതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. രണ്ടു വസതിയും ഒരു വാണിജ്യ സ്വത്തും മൂന്നു പ്ലോട്ട് ഭൂമിയുമാണു കണ്ടുകെട്ടിയത്. രേഖകളിൽ ഇവയുടെ മൂല്യം 11.86 കോടി രൂപയാണെങ്കിലും വിപണി മൂല്യം ഏകദേശം 60-70 കോടി രൂപയാണെന്ന് ഇഡി പറയുന്നു.
ഒക്ടോബറിൽ രണ്ടുതവണ അബ്ദുല്ലയെ ചോദ്യം ചെയ്തിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി അബ്ദുല്ലയുടെയും പാർട്ടിയുടെയും നേതൃത്വത്തിൽ പ്രചാരണം നടക്കുന്ന വേളയിലാണു കേന്ദ്ര ഏജൻസിയായ ഇഡിയുടെ നടപടിയെന്നതു ശ്രദ്ധേയമാണ്. ജമ്മു കശ്മീരിലെ പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇഡിയുടെ കത്ത് കിട്ടുന്നത്. ഇതു വ്യക്തമായ രാഷ്ട്രീയ പ്രതികാരമാണെന്നു നാഷനൽ കോൺഫറൻസ് വക്താവ് ആരോപിച്ചു.
English Summary: ₹ 12 Crore Farooq Abdullah Assets Seized In Corruption Probe: Sources