കുറ്റപത്രം വേഗത്തില്‍; ‘തേങ്കുറുശിയിൽ’ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Mail This Article
പാലക്കാട്∙ തേങ്കുറുശി ദുരഭിമാനകൊലക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്ത സംഘം െകാലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ഗൂഢാലോചന ഉള്‍പ്പെടെയുളള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും കുറ്റപത്രം വേഗത്തില്‍ നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം. കുഴല്‍മന്ദം പൊലീസ്, കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കേസ് വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത, അനീഷിന്റെ അച്ഛന് ആറുമുഖന്‍, അമ്മ രാധ, സഹോദരന് അരുണ്‍ ഉള്‍പ്പെടെയുളളവരില്‍ നിന്ന് വിശദമായ മൊഴിയെടുക്കല്‍ തുടങ്ങിയത്. കൊലപാതകം നടന്ന മാനാംകുളമ്പും അന്വേഷണസംഘം വിശദമായി പരിശോധിച്ചു. ശാസ്ത്രീയ പരിശോധനാഫലങ്ങളും സാക്ഷിമൊഴികളും ഉള്‍പ്പെടെ പരിശോധിച്ച ശേഷമേ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലേക്ക് എത്തുകയുളളൂ.
അനീഷിന്റെ കുടുംബം ഉന്നയിച്ച കൊലപാതകത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുളള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും കുറ്റപത്രം വേഗത്തില്‍ കോടതിയില്‍ നല്‍കുമെന്നും ഡിവൈഎസ്പി പറഞ്ഞു. ഡിസംബര്‍ 25ന് വൈകിട്ടായിരുന്നു അനീഷിനെ കൊലപ്പെടുത്തിയത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന് പ്രഭുകുമാര്‍, അമ്മാവന് സുരേഷ് എന്നിവര്‍ റിമാന്‍ഡിലാണ്.
English Summary: Crime Branch starts probe on Thenkurissi honour killing