സ്പ്രിൻക്ലർ: പുതിയ സമിതി ചെയർമാന് ശമ്പളം 75,000 രൂപ; ജീവനക്കാരെയും നിയമിച്ചു

Mail This Article
തിരുവനന്തപുരം∙ സ്പ്രിൻക്ലർ കരാർ പരിശോധിച്ച മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് വിശകലനം ചെയ്യാൻ നിയമിച്ച പുതിയ സമിതിക്ക് ശമ്പളവും മറ്റു അലവൻസുകളും നിശ്ചയിച്ച് ഉത്തരവിറങ്ങി. മാധവൻ നമ്പ്യാർ കമ്മിറ്റി അഭിപ്രായം പറയാത്ത വിഷയങ്ങളെക്കുറിച്ച് പഠനം നടത്താനാണ് പുതിയ സമിതിയെ നിയമിച്ചത്.
സമിതി ചെയർമാനായ മുൻ ജില്ലാ ജഡ്ജി കെ.ശശിധരൻ നായർക്ക് 75,000 രൂപയാണ് പ്രതിമാസ ശമ്പളം. സമിതി അംഗമായ പ്രഫസർ സുമേഷ് ദിവാകരന് 3000 രൂപ സിറ്റിങ് ഫീസായി ലഭിക്കും. മറ്റൊരു അംഗവും വിരമിച്ച അധ്യാപികയുമായ ഡോ.വിനയ് ബാബുവിന്റെ പ്രതിഫലം പിന്നീട് തീരുമാനിക്കും. നിയമപരിഷ്ക്കാര കമ്മിഷൻ ഓഫിസിലായിരിക്കും സമിതിയുടെ പ്രവർത്തനം. സമിതിക്കാവശ്യമായ ജീവനക്കാരെയും നിയമിച്ചു.
സ്പ്രിൻക്ലർ കരാറിൽ വീഴ്ചയുണ്ടായെന്നായിരുന്നു ആദ്യ സമിതിയുടെ റിപ്പോർട്ട്. മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാതെയാണ് പുതിയ സമിതിയെ സർക്കാർ നിയമിച്ചത്. കരാർ ഒപ്പിടുന്നതിൽ വ്യവസ്ഥകൾ പാലിച്ചോ, വിവര സുരക്ഷയ്ക്കായി അവലംബിച്ച മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് പുതിയ സമിതി പരിശോധിക്കുന്നത്. മുൻ വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ, സൈബർ സുരഷാ വിദഗ്ധൻ ഡോ.ഗുൽഷൻ റായി എന്നിവർ സമര്‍പിച്ച റിപ്പോർട്ട് വിലയിരുത്തി മാര്‍ഗനിർദേശം നൽകാനും പുതിയ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Sprinkler: Monthly salary of the new committee chairman is Rs 75,000