ADVERTISEMENT

അസമിൽ അധികാരം നിലനിർത്തുക പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യാവുന്ന കാര്യമായിട്ടായിരുന്നു ബിജെപി കരുതിയിരുന്നത്. പ്രചാരണത്തിന്റെ കാര്യത്തിലും പിന്നണിയിലെ തന്ത്രങ്ങൾ മെനയുന്നതിലും മറ്റു സംസ്ഥാനങ്ങളിൽ കാണിച്ച ശുഷ്കാന്തി അസമില്‍ കണ്ടതുമില്ല. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് കണക്കുകൾ. 

ജനുവരിയിൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ ബിജെപിക്ക് സീറ്റ് വിഹിതത്തില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും ഈ മാസം നടന്ന വോട്ടെടുപ്പിൽ ബിജെപിക്ക് കാര്യങ്ങൾ അത്ര ശുഭകരമല്ല. കിട്ടാവുന്ന സീറ്റുകളുടെ എണ്ണത്തിൽ എൻ‌ഡി‌എയും യു‌പി‌എയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 

126 സീറ്റുകളുള്ള അസം അസംബ്ലിയിൽ 77 സീറ്റു നേടി ബിജെപി അധികാരം നിലനിർത്തുമെന്ന് ജനുവരിയിൽ ഐ‌എ‌എൻ‌എസ് സി-വോട്ടർ സർവേ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 40 സീറ്റു നേടുമെന്നുമായിരുന്നു പ്രവചനം.

ഫെബ്രുവരി അവസാന വാരം പരസ്യപ്പെടുത്തിയ രണ്ടാം  എബിപി-സി വോട്ടർ അഭിപ്രായ വോട്ടെടുപ്പിൽ എൻ‌ഡി‌എയ്ക്ക് 68-76 സീറ്റുകൾ കിട്ടുമെന്ന് പറയുമ്പോൾ, കോൺഗ്രസിന് 43-51 സീറ്റുകൾ ലഭിക്കുമെന്നും പ്രവചനമുണ്ടായി. എന്നാല്‍, വോട്ടെടുപ്പ് മാർച്ച് ആദ്യവാരത്തിലെത്തുമ്പോള്‍ ഉണ്ടായിരുന്നതും കൂടി ചോർന്നു. 

Priyanka at Assam
അസമിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കു നൽകിയ സ്വീകരണം.

ടൈംസ് നൗ–സീ വോട്ടർ നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ ഇരുപാർട്ടികളും തമ്മിൽ നേരിയ വ്യത്യാസമേ പ്രവചിച്ചിട്ടുള്ളൂ. ബിജെപിക്ക് 67 സീറ്റു ലഭിക്കും. കോൺഗ്രസിന് 2016 ലെ 26 സീറ്റുകളെ അപേക്ഷിച്ച് 31 സീറ്റു കൂടുതലായി നേടാം. കോൺഗ്രസിന്  മൊത്തം 57 സീറ്റെങ്കിലും ലഭിക്കുമെന്നാണ് സർവേയിൽ പറയുന്നത്.  

അതായത്, രണ്ടു മാസത്തിനുള്ളിൽ നടന്ന അഭിപ്രായ സർവേയിൽ, എൻ‌ഡി‌എക്ക് കൽപിച്ചിരുന്ന  മൊത്തം സീറ്റുകളില്‍ നിന്ന്  5 മുതൽ 10 വരെ സീറ്റുകളുടെ  കുറവ്. അതേസമയം കോൺഗ്രസിന് ലഭിക്കുമെന്നു കരുതുന്ന സീറ്റുകളുടെ എണ്ണത്തിൽ വർധനയും ഉണ്ടായി. ഈ കണക്കുകള്‍ ബിജെപിയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.

പോരാത്തതിന്, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേത‍ൃത്വത്തിൽ നടക്കുന്ന പൊരിഞ്ഞ പ്രചാരണവും. തൊഴിലില്ലായ്മ, പണപ്പെരുപ്പം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ ചില പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപിക്കെതിരെ ആഞ്ഞടിക്കുകയാണ് കോൺഗ്രസ്. ഒടുവിലിതാ, തിരഞ്ഞെടുപ്പിൽ സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് ബിജെപി മന്ത്രി തന്നെ പാർട്ടി വിട്ട് കോൺഗ്രസിലെത്തി. അസമിലെ ഖനന– വികസന മന്ത്രി സും റോങ്ക്‌ഹാങ്ക് ആണ് പാർട്ടി വിട്ടത്. 

എന്നാല്‍, 2016ൽ  നടന്ന അഭിപ്രായ സർവേകളിലും സീറ്റുകളുടെ എണ്ണത്തിൽ ഇരു പാര്‍ട്ടികള്‍ക്കും സമാസമം എന്ന തോതിലായിരുന്നു കണക്കുകൾ പുറത്തു വന്നത്. എന്നാൽ, ഫലം വന്നപ്പോൾ എന്‍ഡിഎ ജയിച്ചു കയറുകയും ചെയ്തു. ഭരണകക്ഷിയായ ബിജെപി, അസോം ഗണ പരിഷത്തും (എജിപി) യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമായി (യുപിപിഎൽ) സഖ്യമുണ്ടാക്കിയപ്പോൾ കോൺഗ്രസ് എയുയുഡിഎഫ്, സിപിഐ, സിപിഐ (എം), സിപിഐ (എംഎൽ), ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് (ബി‌പി‌എഫ്), അഞ്ചാലിക് ഗണ മോർച്ച (എജി‌എം) എന്നീ ആറു പാർട്ടികളുമായാണ്  സഖ്യമുണ്ടാക്കിയിട്ടുള്ളത്. 

92 സീറ്റിൽ ബിജെപി മത്സരിക്കാനാണ് സാധ്യത. എജിപിക്ക് 26, യുപിപിഎലിന് 8 സീറ്റും ലഭിക്കും.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മാർച്ച് 27നാണ്. രണ്ടാം ഘട്ടം ഏപ്രിൽ ഒന്നിനും  മൂന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 6 നും നടക്കും. ഫലം മേയ് രണ്ടിനു പുറത്തുവരും.

English Summary: Opinion poll shows Congress to show tough fight against BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com